മലപ്പുറം: വനം വകുപ്പിനെതിരെ ആഞ്ഞടിച്ച് പി വി അൻവർ എംഎൽഎ. വനം വകുപ്പിൻ്റെ തോന്നിവാസത്തിന് അതിരില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാൾ ക്രൂരമാണ്. ഇത് എല്ലാം കൊണ്ടാണ് സർക്കാരിനെതിരെ ജനങ്ങൾ തിരിയുന്നത് എന്നും പി വി അൻവർ പറഞ്ഞു. കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു അൻവറിൻ്റെ രൂക്ഷ വിമർശനം. വനംമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു വിമർശനം ഉന്നയിച്ചത്.
വനത്തിനുള്ളിൽ കെട്ടിടങ്ങൾ അനാവശ്യമായി പണിയുകയാണ്. ജീവികളെക്കാൾ ക്രൂരമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനസ്. വനംവകുപ്പ് വന്യജീവികളുടെ സംരക്ഷത്തിന് മാത്രമല്ല. ജനങ്ങളുടെ സംരക്ഷണത്തിനും ഉപയോഗിക്കണം. ജനങ്ങളോട് ഉദ്യേഗസ്ഥർ വളരെ മോശമായാണ് പെരുമാറുന്നത് എന്നും അൻവർ പറഞ്ഞു.
വന്യജീവി ആക്രമണത്തെക്കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥൻ പറയുന്നത്. താൻ അപ്പോൾ അവിടെ ഉണ്ടായിരുന്നെങ്കിൽ അടി കൊടുത്തേനെയെന്നും പി.വി.അൻവർ കൂട്ടിച്ചേർത്തു. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പണ്ടത്തെ പോലെ ഇപ്പോൾ പണിയില്ല. ഈ നിയമസഭ പ്രസംഗത്തിൽ പറയാൻ ഉള്ളതാണ് പറഞ്ഞത്. ഈ നിയമസഭ സമ്മേളനത്തിൽ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതിനാൽ നേരത്തെ പറയുകയാണ് എന്നും അൻവർ കൂട്ടിച്ചേർത്തു.