ഡല്‍ഹി; ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിൻ്റെ പുതിയ അധ്യക്ഷനായി ഉദയ് ഭാനു ചിബിനെ നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഞായറാഴ്ച ഇദ്ദേഹത്തെ പുതിയ അധ്യക്ഷനായി നിയമിച്ചത്. നിലവില്‍ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും ജമ്മു & കശ്മീര്‍ പ്രദേശ് യൂത്ത് കോണ്‍ഗ്രസിൻ്റെ മുന്‍ പ്രസിഡന്റുമായിരുന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ശ്രീ ശ്രീനിവാസ് ബിവിയുടെ പിന്‍ഗാമിയായിട്ടാണ് ഉദയ് നിയമിതനാകുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം അടുത്തിടെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ബഹുമാനപ്പെട്ട കോണ്‍ഗ്രസ് പ്രസിഡന്റ്, നിലവില്‍ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിൻ്റെ ജനറല്‍ സെക്രട്ടറിയും ജമ്മു കശ്മീര്‍ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായ ശ്രീ ഉദയ് ഭാനു ചിബിനെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി ഉടനടി പ്രാബല്യത്തില്‍ നിയമിച്ചു,” കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ചിബിനെ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ (എന്‍എസ്യുഐ) ദേശീയ സെക്രട്ടറിയായി നിയമിച്ചത്.
പുണെ സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദധാരിയും ഹിമാചല്‍ പ്രദേശിലെ ആര്‍നി സര്‍വകലാശാലയിലെ എംബിഎ പൂര്‍വ വിദ്യാര്‍ഥിയുമായ ചിബ് ജമ്മുവിലെ പാലൂറ സ്വദേശിയാണ്. ജമ്മു കശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഹരി സിംഗ് ചിബിന്റെ മകനാണ് ഉദയ് ഭാനു ചിബ്.