ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വിഷയത്തിൽ നടപടിക്ക് ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ. ദേശീയ വനിതാ കമ്മീഷൻ അംഗങ്ങൾ കേരളത്തിലെത്തി വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കും. പരാതിയുള്ളവർക്ക് നേരിട്ട് കമ്മീഷനെ സമീപിക്കാനും അവസരമൊരുക്കും. അധികം വൈകാതെ കേരളം സന്ദർശിക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷൻ നേരിട്ട് ഇടപെടാൻ ഒരുങ്ങുന്നത്. റിപ്പോർട്ടിന്മേൽ വിവരങ്ങളാരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന് മറുപടി പോലും ലഭിച്ചില്ലെന്ന് കമ്മീഷൻ ആരോപിക്കുന്നു.
ഹേമ കമ്മിറ്റിക്ക് ലൈംഗിക ഉപദ്രവവും ചൂഷണവും സംബന്ധിച്ച് മൊഴി നൽകിയതിൽ ഇരുപതിലധികം പേരുടെ വെളിപ്പെടുത്തൽ ഗൗരവസ്വഭാവമുള്ളതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അന്വേഷണ സംഘം ഇവരെ നേരിട്ട് ബന്ധപ്പെടും. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയതിക്കുള്ളില്‍ കേസെടുക്കാനാണ് തീരുമാനം. എന്നാൽ പലരും തുടർ നടപടികൾക്ക് താത്പര്യമില്ലെന്ന് അറിയിച്ചെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.
സര്‍ക്കാര്‍ 3896 പേജുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 290 പേജുകൾ മാത്രമാണ് പുറത്തുവിട്ടത്. വിശദമായ മൊഴിയും അനുബന്ധ തെളിവുകളും കൂടി ചേര്‍ന്നതാണ് 3896 പേജുകൾ. ഇത്രയും പേജുകള്‍ അന്വേഷണസംഘത്തിലെ ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി അജിതാ ബീഗം, എസ്പിമാരായ മെറിന്‍ ജോസഫ്, ജി പൂങ്കുഴലി, ഐശ്വര്യ ഡോഗ്രെ എന്നീ അഞ്ച് ഉദ്യോഗസ്ഥര്‍ അഞ്ച് ഭാഗങ്ങളായി വീതിച്ച് ഒരുതവണ വായിച്ചു. ഇരുപതിലധികം പേരുടെ മൊഴികളില്‍ നിയമനടപടിക്ക് സാധ്യതയുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍.