ന്യൂയോർക്ക്: യൂ എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മത്സരത്തിലെ എതിരാളിയുമായ ഡോണൾഡ് ട്രംപിനൊപ്പം മറ്റൊരു സംവാദത്തിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച് യുഎസ് വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ്. സംവാദത്തിൽ പങ്കെടുക്കാൻ സിഎൻഎൻ നൽകിയ ക്ഷണമാണ് കമലാ ഹാരിസ് സ്വീകരിച്ചത്.
ഈ മാസം 10ാം തിയതിയാണ് ഇരുവരും ഒന്നിച്ചുള്ള ആദ്യസംവാദം നടന്നത്. സംവാദത്തിൽ ഇരുവരും വിജയം അവകാശപ്പെട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഡിബേറ്റിൽ കമല ഹാരിസ് ട്രംപിനെ തറപറ്റിച്ചുവെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. സംവാദത്തിന് പിന്നാലെ പുറത്തിറക്കിയ സിഎൻഎൻ പോൾ പ്രകാരം 54 പേർ കമലാ ഹാരിസ് വിജയിച്ചതായി അഭിപ്രായപ്പെട്ടു. 31 ശതമാനം പേർ മാത്രമാണ് ട്രംപാണ് മികച്ച സംവാദം നടത്തിയതെന്ന് അഭിപ്രായപ്പെട്ടത്.
മൂന്നാമത് ഒരു സംവാദം ഉണ്ടാകില്ലെന്നും കമലയുമായി നടത്തിയ ഡിബേറ്റിന് പിന്നാലെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പ്രസിഡൻ്റ് ജോ ബൈഡനുമായിട്ടായിരുന്നു ട്രംപിന്റെ ആദ്യ സംവാദം. ഇതിൽ അടിപതറിയതോടെയാണ് ബൈഡൻ മത്സരരംഗത്ത് നിന്ന് ഉൾപ്പെടെ പിന്മാറിയത്. അതേസമയം മുൻ സംവാദത്തിൻ്റെ അതേ മാതൃകയിലായിരിക്കും വരുന്ന സംവാദം നടത്തുന്നതെന്നും, സംവാദത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ട്രംപ് സ്വീകരിക്കണമെന്നും കമലാ ഹാരിസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല വഹിക്കുന്ന ജെൻ ഒ മാലി പറഞ്ഞു.
എന്നാൽ വീണ്ടും സംവാദത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപിനൊപ്പം മറ്റൊരു സംവാദത്തിന് തയ്യാറാണെന്ന് കമലാ ഹാരിസ് നേരത്തേയും പറഞ്ഞിരുന്നു. കമലാ ഹാരിസിൻ്റെ അവകാശവാദങ്ങൾക്കെതിരെ താൻ ശക്തമായ പ്രതിരോധം തീർത്തുവെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ എക്കാലത്തേയും മികച്ച സംവാദമാണ് താൻ നടത്തിയതെന്നും, അതിനാൽ ഇനിയൊന്നിൻ്റെ കൂടി ആവശ്യമില്ലെന്നും ട്രംപ് പറയുന്നു.