ഫാക്ടറികളില്‍ നിന്ന് പുറം തള്ളുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണമാണ്. ഓസോണ്‍ പാളികളില്‍ വിള്ളല്‍ വീഴാന്‍ വരെ കാരണമായ വിഷപുകകള്‍ മനുഷ്യ ജീവനും അകടത്തിലാക്കുന്നുവെന്നതും തെളിയിക്കപ്പെട്ട വസ്തുതയാണ്. വലിയ ലാഭം കൊയ്യുന്ന ബഹിരാഷ്ട്ര കമ്പിനികള്‍ തങ്ങളുടെ ഫാക്ടറികളില്‍ നിന്ന് പുറം തള്ളുന്ന വിഷപ്പുകയെ കുറയ്ക്കുന്നതിന് പല സംവിധാനങ്ങള്‍ ചെയ്യാറുണ്ട്. ലോകത്തിലുടനീളം പല രാജ്യങ്ങളിലും വലിയ കമ്പിനികള്‍ ഉണ്ടെങ്കിലും കാര്‍ബണ്‍ഡൈ ഓക് സൈഡിനെ പുറം തള്ളുന്ന അവസ്ഥ കുറയ്ക്കാന്‍ വേണ്ട വിധത്തിലുള്ള ബദല്‍ സംവിധാനം നടപ്പിലാക്കിയിരിക്കുന്ന രാജ്യങ്ങളില്‍ ചൈന, ബ്രസീല്‍, ഇന്ത്യ എന്നിവയാണ് മുന്നിലെന്നാണ് ആഗോള സര്‍വ്വേ.
ഇത് വളരെ സന്തോഷമുള്ള വാര്‍ത്ത തന്നെയാണ്. കാര്‍ഷിക രാഷ്ട്രമായ ഇന്ത്യയില്‍ ഫാക്ടറികളില്‍ നിന്ന് പുറം തള്ളപ്പെടുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് സര്‍വ്വേ പറയുന്നത്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും (BCG) സുസ്ഥിരതാ മാനേജ്മെന്റ് പ്ലാറ്റ്ഫോമായ CO2 AI യും ചേര്‍ന്ന് നടത്തിയ ആഗോള സര്‍വേയില്‍, കാര്‍ബണ്‍ പുറം തള്ളപ്പെടുന്നതിലും അതിന്‍രെ സാധ്യത കുറയ്ക്കുന്നതിലും ഇന്ത്യ ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഒന്നാണെന്ന് കണ്ടെത്തി. ആഗോളതലത്തില്‍ 16 ശതമാനം കമ്പനികള്‍ കാര്‍ബണ്‍ പുറം തള്ളല്‍ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിലെ കണക്കുകള്‍ നോക്കുമ്പോള്‍ അത് 24 ശതമാനമാണെന്ന് ”ബൂസ്റ്റിംഗ് യുവര്‍ ബോട്ടം ലൈന്‍ ത്രൂ ഡീകാര്‍ബണൈസേഷന്‍” എന്ന റിപ്പോര്‍ട്ട് കണ്ടെത്തി.