മലപ്പുറം: അൻവറിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്ത് പിണറായി വിജയൻ പത്ര സമ്മേളനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി പിവി അൻവർ എംഎൽഎ. പിണറായിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കള്ളക്കടത്ത് സംഘത്തിന്‍റെ പങ്കുപറ്റുന്ന ക്രിമിനൽ ആണെന്നായിരുന്നു അൻവർ മറുപടി നൽകിയത്. പിണറായി പത്ര സമ്മേളനം നടത്തിയതിന് പിന്നാലെ അൻവർ നിലമ്പൂരിൽ പത്ര സമ്മേളനം നടത്തുകയായിരുന്നു.
ഉപദേശക സംഘം മുഖ്യമന്ത്രിയെ തെറ്റിധരിപ്പിക്കുകയാണെന്നും അൻവർ തുറന്നടിച്ചു. പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സുജിത്ത് ദാസിന്റെ ഫോൺ ചോർത്തിയത് ചെറ്റത്തരമാണെന്ന് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ അതു പുറത്തുവിടാതെ രക്ഷയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഫോൺ സംഭാഷണം മുഴുവനും പുറത്തുവിട്ടിട്ടില്ലെന്നും ബാക്കി കൂടി പുറത്തുവിട്ടാൽ ഈ പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യം വഷളാകുമെന്നും അൻവർ മുന്നറിയിപ്പ് നൽകി. അൻവറിനെതിരെ താനും പറയുമെന്ന് മുഖ്യൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അൻവർ തിരിച്ചും മുന്നറിയിപ്പ് നൽകിയത്.
മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പുനപരിശോധിക്കണമെന്നും തെറ്റിധാരണ മാറുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാട് മാറുമെന്നും അദ്ദേഹം പറഞ്ഞു. താൻ ആരോപണം ഉന്നയിച്ചത് പൊലീസിലെ വളരെ കുറച്ച് ഉദ്യോഗസ്ഥർക്കെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിമിനൽ പൊലീസുകാരുടെ മനോവീര്യം തകർക്കുക ആണ് ലക്ഷ്യമെന്നും അൻവർ പറഞ്ഞു.
പി ശശിയുടെ പ്രവർത്തനം മാതൃകാപരമാണ് എന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായമാണെന്നും അതല്ല തനിക്കെന്നും അൻവർ പറഞ്ഞു. തന്റെ വീട്ടിലെ കാര്യങ്ങളല്ല പി ശശിയോട് ആവശ്യപ്പെട്ടതെന്നും അൻവർ മുഖ്യനെ ഓർമിപ്പിച്ചു.
ഞാൻ പഴയ കോൺഗ്രസുകാരൻ തന്നെയാണെന്നും ഇഎംഎസ് പഴയ കോൺഗ്രസുകാരനല്ലേ എന്നും അൻവർ ചോദിച്ചു. അൻവർ ഉയർത്തിയ ആരോപണങ്ങളിൽ അന്വേഷണം നടത്തി ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടാൽ നടപടി ആകാമെന്ന ഒഴുക്കൻ നിലപാടാണ് മുഖ്യൻ ഇക്കാര്യത്തിൽ സ്വീകരിച്ചത്. ഇനിയും മുഖ്യന്‍റെ ഓഫിസ് കേന്ദ്രീകരിച്ച് നടക്കുന്ന കൊള്ളക്കഥകൾ അൻവർ വെളിപ്പെടുത്തുമോ എന്ന് കാത്തിരുന്ന് കാണണം.