ലെബനനിൽ സ്ഫോടന പരമ്പര നടത്തിയ കേസിൽ അന്വേഷണം മലയാളിയിലേക്കും നീളുന്നു. വയനാട് സ്വദേശിയായ റിൻസൻ ജോസിൻ്റെ ബൾഗേറിയ ആസ്ഥാനമായ കമ്പനിയിലേക്കാണ് അന്വേഷണം നീളുന്നത്. നോർവീജിയൻ പൗരനാണ് മലയാളിയായ റിൻസൻ ജോസ്. അതേസമയം റിൻസനെ സ്ഫോടന പരമ്പരക്ക് ശേഷം കാണാതായെന്നാണ് കമ്പനിയുടെ വിശദീകരണം.
ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിൻസൻ്റെ നോർട്ട ഗ്ലോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴിയായിരുന്നു പേജർ എത്തിക്കാനുള്ള കരാറിൽ ഏർപ്പെട്ടിരുന്നത്. പേജർ ഇടപാടിൽ ഇസ്രയേലുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇടനിലക്കാരനായ ക്രിസ്റ്റ്യാന ബാർസണിയ്ക്ക് പേജറുകൾ ലഭിക്കുന്നതിനുള്ള സാമ്പത്തിക ഇടപാട് നടത്തിയത് റിൻസൻ്റെ കമ്പനിയാണെന്നാണ് സൂചന. 1.3 മില്യൺ പൗണ്ട് ഈ കമ്പനി വഴി ഇടനിലക്കാരന് കൈമാറിയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ റിൻസന്റെ കമ്പനിക്ക് സാമ്പത്തിക ഇടപാട് മാത്രമാണെന്നും സ്‌ഫോടക വസ്തുക്കൾ നിറച്ചതുമായി ബന്ധമുള്ളതായി തെളിവ് ഇല്ലെന്നും അന്വേഷണ ഏജൻസികൾ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിൻസൺ ജോസിനെ കുറിച്ചുള്ള വിവരങ്ങൾ യൂറോപ്യൻ അന്വേഷണ ഏജൻസികൾ ഇന്ത്യയ്ക്കും കൈമാറിയിട്ടുണ്ട്.
അതേസമയം സ്ഫോടക വസ്തുക്കൾ പേജറിലേക്ക് നിറച്ചത് എവിടെവെച്ചാണ് എന്നകാര്യം ഇപ്പോഴും അജ്ഞാതമാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ഹിസ്ബുളള പേജറുകൾ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങൾ പുറത്ത് വരുന്നത്.
റിൻസൻ ജോസിൻ്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ 2022 ഏപ്രിലിലാണ് സ്ഥാപിച്ചത്. ഇവർ മുഖേനയാണ് ഇസ്രയേലിൻ്റെ ഷെൽ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിൽ നിന്ന് ഹിസ്‌ബുള്ളയ്ക്ക് പേജറുകൾ കൈമാറിയത്. പേജറുകളുടെ പണമിടപാടും റിൻസൻ്റെ നോർട്ട ഗ്ലോബൽ വഴിയാണ് നടന്നിട്ടുള്ളതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പേജർ സ്ഫോടനങ്ങളിൽ തായ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ പങ്ക് സംശയിച്ചിരുന്നെങ്കിലും കമ്പനി ആരോപണങ്ങൾ നിഷേധിച്ചു. ലെബനനിലെ സ്ഫോടന പരമ്പരകൾക്ക് പിന്നാലെ യുഎൻ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരും. സാധാരണക്കാർ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആയുധമാക്കി മാറ്റുന്ന പ്രവണത നല്ലതല്ലെന്ന് ഐക്യരാഷ്ട്രസഭ തലവൻ പ്രതികരിച്ചിരുന്നു.