പ്രശസ്ത എഴുത്തുകാരനും ചരിത്ര ഗവേഷകനുമായ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു (90). ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായിഅറുപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഏങ്ങണ്ടിയൂര്‍ പണിക്കശ്ശേരി മാമുവിൻ്റെയും പനക്കല്‍ കാളിക്കുട്ടിയുടേയും നാലാമത്തെ മകനാണ് അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്‍ പലവട്ടം സന്ദര്‍ശനം നടത്തിയിട്ടുള്ള കുടുംബമാണ് അദ്ദേഹത്തിൻ്റേത്. ഏങ്ങണ്ടിയൂരില്‍ സ്‌കൂള്‍ തുടങ്ങിയതും ഗുരുദേവൻ്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു. ആ സ്‌കൂളിലാണ് വേലായുധന്‍ വിദ്യാഭ്യാസം തുടങ്ങിയത്.
1956-ൽ മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂർ ബ്രാഞ്ച് ലൈബ്രറിയിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ച വേലായുധൻ പണിക്കശ്ശേരി 1991-ൽ അവിടെ നിന്ന് തന്നെ റിട്ടയർ ചെയ്തു. ആർക്കിയോളജി സ്റ്റേറ്റ് അഡ്വൈസറി ബോർഡ്, ആർക്കൈവ്സ് ഡിപ്പാർട്ടുമെൻ്ററി റീജണൽ റിക്കോർഡ്സ് കമ്മറ്റി എന്നീ സമിതികളിൽ പ്രവർത്തിച്ചിട്ടുള്ള പണിക്കശ്ശേരി സാഹിത്യപ്രവർത്തക സഹകരണസംഘത്തിൻ്റെ വൈസ് പ്രസിഡൻ്റായും, അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘താളിയോല’ എന്ന ത്രൈമാസികം നടത്തിയിരുന്നു.
പ്രാചീനകേരളത്തിൻ്റെ വൈദേശിക ബന്ധങ്ങളെക്കുറിച്ചും വിദേശികൾ നമ്മുടെ കലയിലും സംസ്കാരത്തിലും ചെലുത്തിയിട്ടുള്ള സ്വാധീനത്തെ സംബന്ധിച്ചും ഗവേഷണം നടത്തുവാൻ കേന്ദ്ര സാംസ്കാരിക വകുപ്പ് ഫെല്ലോഷിപ്പ് നൽകിയിട്ടുണ്ട്.അദ്ദേഹത്തിൻ്റെ പല ചരിത്രഗ്രന്ഥങ്ങളും കേരളത്തിലെ വിവിധ സർവകലാശാലകളിൽ പാഠപുസ്തകങ്ങളായി അംഗീകരിച്ചിട്ടുണ്ട്. ചില കൃതികൾ തമിഴിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. തൃശൂർ ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ മാനേജരും ദീനദയാൽ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായിരുന്നു. സംസ്കാരം പിന്നീട്. ഏങ്ങണ്ടിയൂര്‍ സെൻ്റ്. തോമസ് സ്‌കൂളില്‍ അധ്യാപികയായിരുന്ന ലീലയാണ് ഭാര്യ. ചിന്ത, വീണ, ഡോ.ഷാജി എന്നിവര്‍ മക്കള്‍.