ന്യു ഡൽഹി: കേന്ദ്രസർക്കാരിൻ്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ സെൻസറിങ് നീക്കത്തിന് തിരിച്ചടിയായി ബോംബെ ഹൈക്കോടതി വിധി. സാമൂഹിക മാധ്യമങ്ങളിലെ വ്യാജ വാർത്തകൾ കണ്ടെത്തി നടപടി എടുക്കുന്നതിന് കേന്ദ്ര സർക്കാർ രൂപീകരിച്ച ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി വിധിച്ചു. ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിക്കാൻ ഐടി നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയും കോടതി റദ്ദാക്കി. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന വിധി.
സാമൂഹിക മാധ്യമങ്ങളുടെ സെൻസർഷിപ്പ് ചെയ്യുന്ന കേന്ദ്രസർക്കാർ ഓൺലൈനിൽ വരുന്ന വാർത്താക്കളുടെ വക്കീലും, ജഡ്ജിയും ആരാച്ചാരും ആയി മാറുമെന്ന് ഹർജിക്കാർ വാദിച്ചു. അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള കേന്ദ്രത്തിൻറെ കടന്നുകയറ്റം ആണെന്നും ഇവർ വാദമുയർത്തി. ഇത് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി വിധി.
ജസ്റ്റിസ് അതുൽ എസ്. ചന്ദ്രുക്കറാണ് ഐടി നിയമങ്ങളിൽ കേന്ദ്രം 2023-ൽ കൊണ്ടുവന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചത്. ഭരണഘടനയുടെ സമത്വം (14), അഭിപ്രായ സ്വാതന്ത്ര്യം (19), തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം (19(1)) എന്നീ ആർട്ടിക്കിളുകളുടെ ലംഘനമാണെന്ന് കോടതി വിധിച്ചു.
കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതകൾ പരിശോധിക്കാൻ ഐടി ചട്ടങ്ങൾ 2023-ൽ ഭേദഗതി വരുത്തിയാണ് ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യാജമെന്നു മുദ്രകുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യേണ്ടിവരുന്ന ഗതികേടിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവർത്തനം.
ഐടി നിയമ ഭേദഗതിയിൽ ഉൾപ്പടുത്തിയ, ‘ഫേക്ക്’, ‘ഫാൾസ്’, ‘മിസ്‌ലീഡിങ്’ തുടങ്ങിയ പദങ്ങൾ വ്യക്തമല്ലെന്നും, ഇവയ്ക്ക് കൃത്യമായ വ്യാഖ്യാനം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാരായ ജി.എസ്. പട്ടേൽ, നീല ഗോഖലെ എന്നിവർ കേസിൽ ഭിന്നവിധിയാണ് ആദ്യം പ്രസ്താവിച്ചത്. തുടർന്ന് ജസ്റ്റിസ് അതുൽ എസ്. ചന്ദ്രുക്കറിനെ ടൈ ബ്രേക്കർ ജഡ്ജിയായി നിയമിക്കുകയായിരുന്നു. അതേസമയം, ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം മാർച്ചിൽ തന്നെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.