തിരുവനന്തപുരം : സമ്പൂർണ ഡിജിറ്റലൈസേഷന് ഒരുങ്ങി ബെവ്‌കോ. സംസ്ഥാനത്ത് ബെവ്‌കോ വഴി വിതരണം ചെയ്യുന്ന മുഴുവൻ മദ്യക്കുപ്പികളിലും ക്യൂ ആർ കോഡ് സംവിധാനം ഒരുങ്ങുന്നു. നാലുമാസത്തിനുള്ളിൽ ക്യു ആർ കോഡ് ഏർപ്പെടുത്തുമെന്ന് ബിവറേജസ് കോർപറേഷൻ എംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.
സംസ്ഥാന സർക്കാർ സ്ഥാപനമായ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ നിർമിക്കുന്ന ജവാൻ റം ബ്രാൻഡ് മദ്യക്കുപ്പികളിലാണ് ഇപ്പോൾ പരീക്ഷ അടിസ്ഥാനത്തിൽ കോഡ് പതിപ്പിക്കുന്നത്. തിരുവല്ലയിൽ ഒരു ബോട്ട്ലിങ് ലൈനിലെ മദ്യക്കുപ്പികളിൽ ക്യു ആർ കോഡ് പതിപ്പിക്കുന്നത് ഇനി പൂർണതോതിലാക്കും. ഒപ്പം മറ്റ് മദ്യക്കമ്പനികൾക്കും ക്യു ആർ കോഡ് നിർബന്ധമാക്കുമെന്നാണ് വിവരം.
ഹോളോഗ്രാം ലേബലിന് പകരമാണ് ക്യു ആർ കോഡ് ഏർപ്പെടുത്തുന്നത്. മദ്യത്തിന്റെ സെക്കൻഡ്സ്, വ്യാജൻ എന്നിവ തടയുകയും അതുവഴി വിതരണം സുതാര്യമാക്കുകയുമാണ് ലക്ഷ്യം. അതേസമയം, കുപ്പികൾക്കുപുറമേ കെയ്സുകളിലും കോഡ് പതിപ്പിക്കും. സ്‌കാൻ ചെയ്താൽ ഏത് ഡിസ്റ്റിലറിയിൽ ഉൽപ്പാദിപ്പിച്ചു, എന്ന് നിർമിച്ചു, ബാച്ച് തുടങ്ങിയവയും ചില്ലറ വിൽപ്പനശാലകളിൽ സ്റ്റോക്കുള്ള മദ്യത്തിന്റെ വിവരവും അറിയാം. ബെവ്കോയ്ക്ക് ഡിസ്റ്റലറികളിൽനിന്ന് ചില്ലറ വിൽപ്പന ശാലകൾവരെയുള്ള മദ്യത്തിന്റെ നീക്കം നിരീക്ഷിക്കാനുമാകും.