പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനമാരംഭിച്ചിട്ട് ഇന്നേക്ക് പത്ത് പൂർത്തിയാകുമ്പോഴും ആശുപത്രിയിൽ നിയമനങ്ങൾ നടക്കുന്നത് പിൻവാതിലിലൂടെയെന്ന് ആരോപണം. ബിജെപി നേതാവ് രാജീവ് കേരളശ്ശേരി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു നിയമനം പോലും പിഎസ്.സി വഴി നടന്നിട്ടില്ലെന്ന് വ്യക്തമാകുന്നത്. പതിറ്റാണ്ട് പിന്നിട്ടിട്ടും പാലക്കാട് മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സയ്ക്കും കൃത്യമായ സൗകര്യങ്ങളില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സ്വന്തമായി ഒരു സർക്കാർ മെഡിക്കൽ കോളേജ് ഉണ്ടായിട്ടും വിദഗ്ധ ചികിത്സക്കായി പാലക്കാട്ടുകാർ ഇന്നും ആശ്രയിക്കുന്നത് തൃശൂരിലേയും കൊയമ്പത്തൂരിലേയും ആശുപത്രികളെ പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ നാനൂറ്റമ്പതിലേറെ നിയമനങ്ങളിൽ ഒരു നിയമനം പോലും പിഎസ്സി വഴി നടത്തിയിട്ടില്ല.ഒരു നിയമന ഒഴിവ് പോലും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.
നാളിതുവരെ ആകെ എഴുനൂറ്റമ്പത് കോടിയോളം ചിലവ്,ശമ്പള ചിലവ് ഇരുനൂറ് കോടിയോളം. പട്ടികജാതി വികസന വകുപ്പിൻ്റെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. നിലവിൽ ആശുപത്രിയിൽ ജോലി ചെയ്യുന്നത് 458 ജീവനക്കാരാണ്. ഇതിൽ ഇരുന്നൂറിലധികം ജീവനക്കാരെ നിയമിച്ചത് യുഡിഎഫിൻ്റെ ഭരണകാലത്താണ്. 2016ൽ ഭരണത്തിലേറുമ്പോൾ ആശുപത്രിയിലെ എല്ലാ പിൻവാതിൽ നിയമനങ്ങളും റദ്ദാക്കുമെന്നായിരുന്നു ഇടത് സർക്കാരിൻ്റെ വാഗ്ദാനം. ആശുപത്രിയിലെ നിയമനം പൂർണമായും പിഎസ്സി വഴി നടപ്പാക്കുമെന്നും ഇടത് സർക്കാർ ഉറപ്പു നൽകി. എന്നാൽ ഇടത് സർക്കാരും പിൻവാതിൽ നിയമനം തുടർന്നു എന്നാണ് ആരോപണം. ഇതിന് പുറമേ 121 പേരെ സർക്കാർ സ്ഥിരപ്പെടുത്തിയതായും ബിജെപി നേതാവ് ആരോപിക്കുന്നു.
നിയമനങ്ങളിൽ ഭൂരിഭാഗവും രാഷ്ട്രീയ സ്വാധീനത്താലുള്ള നിയമനങ്ങൾ. പാലക്കാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ അനധികൃത നിയമനങ്ങളിൽ യുഡിഎഫും എൽഡിഎഫും ഒരേ തൂവൽ പക്ഷികൾ. പാലക്കാട് ജില്ല കണ്ട ഏറ്റവും വലിയ നിയമനത്തട്ടിപ്പ്,യുവജന വഞ്ചനയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.