മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചിരിക്കുകയാണ് അരവിന്ദ് കെജ്രിവാൾ. അരവിന്ദ് കെജ്‌രിവാൾ ഇറങ്ങുമ്പോൾ അടുത്താരെന്ന ചോദ്യം ഉയരുകയാണ്. അതാകട്ടെ ചെന്ന് നിൽക്കുന്നത് എ എ പി മന്ത്രി അതിഷിയിലേക്കും.
അതെ. അടുത്ത ഡൽഹി മുഖ്യമന്ത്രിയായി അതിഷിയെ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ഡൽഹിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയായി അതിഷി മര്‍ലേന മാറിയിരിക്കുകയാണ്. കൂടാതെ എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന. എന്നാൽ ആരാണ് ഈ അതിഷി ? മനീഷ് സിസോദിയയും കെജ്രിവാളും ജയിലിൽ ആയിരുന്നപ്പോൾ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചത് അതിഷിയായിരുന്നു.
2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ പ്രധാന അംഗമായിരുന്ന അതിഷി ആം ആദ്മിയെ രൂപപ്പെടുത്തുന്നതിൽ തന്നെ നിർണായക പങ്ക് വഹിച്ച നേതാവാണ്. നിലവിലെ സർക്കാരിൽ ധനകാര്യം, ആസൂത്രണം, പിഡബ്ല്യുഡി, ജലം, വൈദ്യുതി, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ടിടിഇ, പബ്ലിക് റിലേഷൻസ്, വിജിലൻസ് എന്നിങ്ങനെ നിരവധി സുപ്രധാന വകുപ്പുകൾ അതിഷിയാണ് കൈകാര്യം ചെയ്യുന്നത്. ഏകദേശം 11 ഓളം വകുപ്പുകളാണ് അതിഷിക്ക് കീഴിലുള്ളത്.
2023 ലെ പുനഃസംഘടനയിലാണ് അതിഷി മന്ത്രിസഭയിൽ ഇടംപിടിച്ചത്. വിവിധ കേസുകളിൽ അറസ്റ്റിലായതിന് പിന്നാലെ സിസോദിയയും മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും രാജിവെച്ചതിന് തുടർന്നായിരുന്നു അതിഷി മന്ത്രിസഭയിൽ എത്തിയത്. കെജ്രിവാൾ ജയിലിൽ ആയിരുന്നപ്പോൾ പാർട്ടിയുടെ നിർണായക ചുമതലകളെല്ലാം വഹിച്ചിരുന്നതും അതിഷിയായിരുന്നു. കൽക്കജ് മണ്ഡലത്തിൽ നിന്നാണ് അതിഷി തിരഞ്ഞെടുക്കപ്പെട്ടത്.