മലപ്പുറം ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചതോടെ മാസ്ക്ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കണ്ടെയിന്മെന്റ് സോണുകളിൽ കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകളും മമ്പാട്ടെ ഏഴാം വാർഡും നിയന്ത്രണത്തിലായിരിക്കും.
പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പാടില്ല, തിയറ്ററുകൾ അടച്ചു വെക്കണം, സ്കൂളുകള്‍, കോളജുകള്‍, അംഗനവാടികള്‍ അടക്കം പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ പത്തുമണിമുതല്‍ വൈകുന്നേരം ഏഴുമണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂവെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.
വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ വരാനിടയുളള ഒരു കാര്യങ്ങളും പാടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. സംശയിക്കപ്പെടുന്ന രോഗലക്ഷണങ്ങളുമായി ചികില്‍സ തേടുന്ന എല്ലാവരെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കണമെന്നാണ് ആശുപത്രികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അടിക്കടി രോഗബാധയുണ്ടാകുമ്പോഴും വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് രോഗം പകരുന്നതെങ്ങനെയെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല.