ബിജു മേനോനും മേതിൽ ദേവികയും മുഖ്യ വേഷങ്ങളിലെത്തുന്ന “കഥ ഇന്നുവരെയുടെ ടീസർ പുറത്തിറങ്ങി. മേപ്പടിയാനു ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷു മോഹനൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘കഥ ഇന്നുവരെ’. ഹൃദയസ്പർശിയായ പ്രണയത്തിന്റെയും ഗൗരവമുള്ള നിമിഷങ്ങളുടെയും സമന്വയമായ ചിത്രമായിരിക്കുമെന്ന് ടീസർ സൂചിപ്പിക്കുന്നു. മേതിൽ ദേവികയാണ് ബിജു മേനോന്റെ നായികയായെത്തുന്നത്.
നിഖില വിമൽ,ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, അപ്പുണ്ണി ശശി തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം കേരളത്തിൽ ഐക്കൺ സിനിമാസും ഗൾഫിൽ ഫാർസ് ഫിലിംസും ചേർന്ന് വിതരണത്തിനെത്തിക്കും. ജോമോൻ ടി ജോൺ ക്യാമറയും, ഷമീർ മുഹമ്മദ് എഡിറ്റിങ്ങും, അശ്വിൻ ആര്യൻ സംഗീതവും നിർവഹിച്ചിരിക്കുന്ന “കഥ ഇന്നുവരെ” സെപ്റ്റംബർ 20ന് തീയേറ്ററുകളിലെത്തും.