ന്യൂ ഡല്‍ഹി: ജയിൽ മോചിതനായ അരവിന്ദ് കെജ്‌രിവാൾ കനത്ത മഴയിൽ ജനങ്ങളെ അഭിസംബോധന ചെയ്തു. ജയിൽ മോചിതനായ കെജ്‌രിവാളിനെ സ്വീകരിക്കാൻ നിരവധി പാർട്ടി പ്രവർത്തകരാണ് തീഹാർ ജയിലിന് മുന്നിൽ തടിച്ചുകൂടിയത്. ഡല്‍ഹി മദ്യനയവുവുമായി ബന്ധപ്പെട്ട സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ വെള്ളിയാഴ്ച വൈകീട്ടാണ് കെജ്‌രിവാള്‍ ജയിൽ മോചിതനായത്.
ഡൽഹിയിൽ പെയ്യുന്ന കനത്ത മഴയ്ക്കിടെയായിരുന്നു കെജ്‌രിവാള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ഭാര്യ സുനിത, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, അതിഷി, മനീഷ് സിസോദിയ തുടങ്ങിയ നേതാക്കളും നിരവധി പ്രവര്‍ത്തകരും ഡല്‍ഹി മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തി.
തൻ്റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ചിരിക്കുന്നുവെന്നും ജീവിതത്തില്‍ ഞാന്‍ ഒരുപാട് പോരാട്ടങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ടെന്നും എന്നാൽ സത്യത്തിൻ്റെ പാതയിൽ നടക്കുന്നതിനാൽ ദൈവം എപ്പോഴും കൂടെയുണ്ടെന്നും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.
തന്നെ എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്നായിരുന്നും അദ്ദേഹം ജയിലിന് മുന്നിൽ ജനങ്ങളോട് സംസാരിക്കവെ പറഞ്ഞു. തൻ്റെ മനോവീര്യവും ശക്തിയും നൂറുമടങ്ങ് വര്‍ദ്ധിച്ചു, ദൈവം കാണിച്ചുതന്ന പാതയില്‍ സഞ്ചരിക്കും. രാഷ്ട്രത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.