കീഴ്‌കോടതി വിധിക്കെതിരായ ഗൂഗിളിന്‍റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് യൂറോപ്യന്‍ യൂണിയന്‍റെ പരമോന്നത കോടതി വിധി പുറപ്പെടുവിച്ചത്. നിരാശാജനകമായ വിധി എന്നാണ് ഇതിനോട് ഗൂഗിളിന്‍റെ പ്രതികരണം.
യൂറോപ്യന്‍ യൂണിയനും ഗൂഗിളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന നിയമയുദ്ധത്തിന് ഒടുവില്‍ തീരുമാനമായി. സെര്‍ച്ച് ഫലങ്ങളില്‍ നിയമവിരുദ്ധമായി കുത്തക നേടാൻ ഗൂഗിള്‍ നീക്കം നടത്തി, ഷോപ്പിംഗ് താരതമ്യങ്ങളില്‍ കൃത്രിമത്വം കാട്ടി എന്നീ കുറ്റങ്ങള്‍ക്ക് ഗൂഗിള്‍ രണ്ട് ബില്യണ്‍ പൗണ്ട് പിഴയൊടുക്കണം എന്ന് യൂറോപ്യന്‍ യൂണിയന്‍റെ പരമോന്നത കോടതി അന്തിമമായി വിധിച്ചു. യൂറോപ്യന്‍ കമ്മീഷന്‍ 2017ല്‍ ചുമത്തിയ പിഴ ചോദ്യം ചെയ്തുകൊണ്ടുള്ള ഗൂഗിളിന്‍റെ ആപ്പിള്‍ പൂര്‍ണമായും തള്ളിക്കോണ്ടാണ് യൂറോപ്യന്‍ യൂണിയന്‍റെ പരമോന്നത കോടതി വിധി പറഞ്ഞത്. ഗൂഗിളിനെതിരായ യൂറോപ്യന്‍ കമ്മീഷന്‍റെ കണ്ടെത്തലുകളെ പരമോന്നത കോടതി ശരിവെച്ചു. 2017 വരെയുള്ള കാലത്ത് ഗൂഗിളിന് മേല്‍ യൂറോപ്യന്‍ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഏറ്റവും വലിയ പിഴ ശിക്ഷയായിരുന്നു രണ്ട് ബില്യണ്‍ യൂറോയുടേത്.
യുകെ യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമായിരുന്ന 2009ല്‍ ബ്രിട്ടീഷ് കമ്പനിയായ ഫൗണ്ടെം ആണ് ഗൂഗിളിനെതിരെ ആദ്യം നിയമ നീക്കം ആരംഭിച്ചത്. യൂറോപ്യന്‍ കമ്മീഷന്‍റെ 2017ലെ കണ്ടെത്തലിനെ തുടര്‍ന്ന് ഷോപ്പിംഗ് ശുപാര്‍ശകളില്‍ മാറ്റം വരുത്തിയിരുന്നതായി ഗൂഗിള്‍ യൂറോപ്യന്‍ യൂണിയന്‍റെ പരമോന്നത കോടതിയില്‍ ഇക്കുറി വാദിച്ചെങ്കിലും ഫലം കണ്ടില്ല. സെര്‍ച്ച് ഫലങ്ങളില്‍ നിയമവിരുദ്ധമായി കുത്തക നേടാന്‍ ഗൂഗിള്‍ ശ്രമിച്ചതായുള്ള കുറ്റം അമേരിക്കയിലും നിലനില്‍ക്കുന്നുണ്ട്. ആ കേസില്‍ യുഎസ് ഫെഡറല്‍ ഡിപാര്‍ട്‌മെന്‍റും ഗൂഗിളും തമ്മില്‍ നിയമപോരാട്ടം തുടരുകയാണ്.