തലശ്ശേരി: ബ്രണ്ണൻ കോളേജിൽ തെരഞ്ഞെടുപ്പിന് പിന്നാലെ പോലീസ് നോക്കിനിൽക്കെ എസ്എഫ്‌ഐയുടെ ക്രൂരമർദനം. ഒന്നാംവർഷ വിദ്യാർത്ഥികളെയടക്കം പുറത്തുനിന്നെത്തിയ ക്രിമിനൽസംഘങ്ങളും എസ്എഫ്‌ഐ പ്രവർത്തകരും ചേർന്ന് അക്രമിക്കുകയായിരുന്നു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സഞ്ജീവാണ് അക്രമത്തിന് നേതൃത്വം നൽകിയത്.
വിദ്യാർത്ഥികളെ സഞ്ജീവ് അക്രമിക്കുന്നതും പൊലീസിന് നേരെ കല്ലെറിയുന്നതിൻ്റെയും ദൃശ്യങ്ങൾ എബിവിപി നേതാക്കൾ പുറത്തുവിട്ടു. തിരഞ്ഞെടുപ്പിന് ശേഷം പുറത്തുനിന്നെത്തിയ എസ്എഫ്‌ഐ ക്രിമിനലുകൾ എബിവിപി പ്രവർത്തകരെയും അവരോടൊപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളെയും അക്രമിക്കുകയായിരുന്നുവെന്ന് എബിവിപി കേന്ദ്ര പ്രവർത്തക സമിതിയഗം ശ്രീഹരി എൻസിടി ചൂണ്ടിക്കാട്ടി.
സഞ്ജീവ് പൊലീസിനുനേരെയും വിദ്യാർത്ഥികൾക്കുനേരെയും കല്ലെറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പോലീസ് വണ്ടി തടഞ്ഞുനിർത്തിയും വിദ്യാർത്ഥികളെ ആക്രമിച്ചതായും നേതാക്കൾ ആരോപിച്ചു. എന്നാൽ പൊലീസ് നോക്കി നിൽക്കെ ഇത്രയും അക്രമം അഴിച്ചുവിട്ടിട്ടും കേസെടുക്കാൻ പോലീസ് തയാറായിട്ടില്ലെന്ന് എബിവിപി നേതാക്കൾ കുറ്റപ്പെടുത്തി. എസ്എഫ്‌ഐയുടെ ആക്രമങ്ങളെ സാധ്യമായ എല്ലാ വഴികളിലൂടെയും ശക്തമായി പ്രതിരോധിക്കുമെന്നും നേതാക്കൾ പറഞ്ഞു.