പാരിസ്: ലോക ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പായ എഫ്.ഇ.ഐ എൻഡ്യൂറൻസ് ടൂർണമെൻ്റ് വിജയകരമായി പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോഡിട്ട് മലയാളി താരം നിദ അന്‍ജൂം ചേലാട്ട്.
ഈ വിഭാഗത്തില്‍ പങ്കെടുക്കാൻ ഇന്ത്യയില്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വ്യക്തിയെന്ന റെക്കോഡ് നേരത്തേ തന്നെ 22കാരി സ്വന്തമാക്കിയിരുന്നു. ഫ്രാൻസിലെ മോണ്‍പാസിയറില്‍ നടന്ന മത്സരത്തില്‍ 40 രാജ്യങ്ങളില്‍നിന്നുള്ള ഏറ്റവും മികച്ച 118 കുതിരയോട്ടക്കാരെ നേരിട്ടാണ് നിദ റെക്കോഡിട്ടത്. 17ാം സ്ഥാനത്തായിരുന്നു മലപ്പുറം തിരൂർ കല്‍പകഞ്ചേരി സ്വദേശിനിയുടെ ഫിനിഷിങ്. മണിക്കൂറില്‍ 16.09 കിലോമീറ്റർ ആയിരുന്നു നിദയുടെ ശരാശരി വേഗം.
12 വയസ്സുള്ള തൻ്റെ വിശ്വസ്ത പെണ്‍കുതിര പെട്ര ഡെല്‍ റേയുടെ ചുമലിലേറിയാണ് നിദ മത്സരം പൂർത്തിയാക്കിയത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ 160 കിലോമീറ്റർ ദൈർഘമുള്ള പാത വെറും 10 മണിക്കൂർ 23 മിനിറ്റില്‍ നിദ കീഴടക്കി. 73 കുതിരകള്‍ അയോഗ്യതയോടെ പുറത്തായി. അസാമാന്യ കരുത്തും കായികക്ഷമതയും മാത്രമല്ല കുതിരയുമായി അഭേദ്യമായ ആത്മബന്ധം കൂടിയുണ്ടെങ്കിലേ മത്സരം പൂർത്തിയാക്കാൻ കഴിയൂ. ആദ്യ ഘട്ടം 61ാം സ്ഥാനത്തായിരുന്നു നിദ. പിന്നെ 56ലേക്കും മൂന്നാം ഘട്ടം 41ാം സ്ഥാനത്തേക്കും മുന്നേറി. നാലാം ഘട്ടമെത്തിയപ്പോള്‍ നിദ 36ാം സ്ഥാനത്തായിരുന്നു. അവിടെ നിന്ന് 27ലേക്ക്. ഒടുവില്‍ 17ലേക്ക് കുതിച്ചു.
എഫ്.ഇ.ഐ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് നിദ പ്രതികരിച്ചു. വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നെങ്കിലും മത്സരയോട്ടം ആസ്വദിച്ചു. ഇന്ത്യൻ ജനത നല്‍കിയ സ്നേഹവും പിന്തുണയുമാണ് അവസാനംവരെ പൊരുതാൻ തുണയായത്. എല്ലാ നേട്ടങ്ങളും രാജ്യത്തിനുവേണ്ടി സമർപ്പിക്കുന്നതായും മത്സരത്തിനുശേഷം നിദ പറഞ്ഞു. കഴിഞ്ഞ വർഷം എഫ്.ഇ.ഐയുടെ എക്യൂസ്ട്രിയൻ ലോക ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പിലെ ജൂനിയർ ആൻഡ് യങ് റൈഡേഴ്‌സ് വിഭാഗം മത്സരം ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വിജയകരമായി പൂർത്തിയാക്കിയ വനിതയായിരുന്നു ഇവർ.
യു.കെയിലെ യൂനിവേഴ്സിറ്റി ഓഫ് ബിർമിങ്ഹാമില്‍നിന്ന് സാമൂഹിക പ്രവർത്തനത്തില്‍ ബിരുദവും ദുബൈയിലെ റാഫിള്‍സ് വേള്‍ഡ് അക്കാദമിയില്‍നിന്ന് ഐ.ബി ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട് നിദ. ഇപ്പോള്‍ സ്‌പെയിനില്‍ മാനേജ്‌മെന്റിലും ഇൻൻ്റർനാഷ്ണൽ ഡെവലപ്‌മെൻ്റിലൂം മാസ്റ്റേഴ്‌സ് ചെയ്യുകയാണ്. റീജൻസി ഗ്രൂപ്പിൻ്റെ മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ടും മിന്നത്തുമാണ് മാതാപിതാക്കള്‍. ഡോ. ഫിദ അൻജൂം സഹോദരിയാണ്.