തമിഴ്‌നാട്ടിൽ മാത്രമല്ല ഇന്ന് ലോകമെമ്പാടും ആരാധകരുള്ള നടൻ വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് വെറുതെയല്ല. ദളപതി വിജയ് മുന്നോട്ടു വയ്ക്കുന്നതു വ്യക്തമായ രാഷ്ട്രീയ സൂചനകൾ തന്നെയാണ്. പതാകയിൽ ഉൾപ്പെടുത്തിയ വാകപ്പൂവും ആനകളും മുതൽ അതിന്റെ നിറം വരെ നൽകുന്നതു കൃത്യമായ സന്ദേശം തന്നെയാണ്. ഇപ്പോഴിതാ, തമിഴക വെട്രി കഴകം പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി നടൻ വിജയ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അതിനാൽ തന്നെ ഇനി തമിഴക രാഷ്ട്രീയം കാണാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ തന്നെയായിരിക്കും.
കാരണം, വർഷങ്ങളായി തമിഴക രാഷ്ട്രീയം അടക്കി വാഴുന്ന ഡിഎംകെ പാർട്ടിയെ ഇപ്പോൾ മുച്ചൂടും നശിപ്പിച്ച് താഴെയിറക്കുമെന്നു പ്രഖ്യാപിച്ചായിരുന്നു ബിജെപി അണ്ണാമലൈയെ ഇറക്കിയത്. തെളിവുകൾ നിർത്തിയുള്ള അണ്ണാമലൈയുടെ വാചകക്കസർത്തുകൾക്ക് ജനം കൈയ്യടിച്ചെങ്കിലും അത് ലോക് സഭ തെരഞ്ഞെടുപ്പിൽ വോട്ടായി മാറിയില്ല. അണ്ണാമലൈ അടക്കം തമിഴ്‌നാട്ടിൽ എട്ടുനിലയിൽ പൊട്ടി. പിന്നാലെ ഇപ്പോൾ ലണ്ടനിൽ പഠനത്തിനായി അണ്ണാമലൈ പോയിരിക്കുകയാണ്.
അതിനിടയിലാണ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തിലേക്കുള്ള ചർച്ചകൾ ആരംഭിക്കുന്നത്. നമുക്കറിയാം…തമിഴ്‌നാട്ടിൽ മാത്രമല്ല ലോകമെമ്പാടും വിജയിയെ ആരാധിക്കുന്നവർ എത്രയധികമാണെന്നു. ആ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ ബിജെപിയെ തമിഴ്‌നാട്ടിൽ നിന്നും കെട്ടുകെട്ടിക്കും എന്ന് മാത്രമല്ല ഡിഎംകെയ്ക്ക് ശക്തമായ വെല്ലുവിളി തന്നെയായിരിക്കും വിജയ്‌യുടെ തമിഴക വെട്രി കഴകം ഉയർത്തുക.
കാരണം നടൻ സന്തോഷ് പണ്ഡിറ്റ് വിജയ് യെപ്പറ്റി കുറച്ചു നാളുകൾക്ക് മുൻപ് പറഞ്ഞ വാക്കുകൾ അതിനു ഉദാഹരണമാണ്. നടൻ കമലഹാസൻ രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോൾ സ്വീകരിച്ച മാതൃകയല്ല വിജയ്‌യുടെത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വളരെ ബുദ്ധിപൂർവം വിജയ്‌യുടെ ഫാൻസ് അസോസിയേഷനിലെ പലരെയും നിർത്തിയിരുന്നു. അതിൽ 134 പേർ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുമുണ്ട്. അപ്പോൾ അതിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാണ്.. ഈ 134 പേരെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാമെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി വിജയ് എന്തൊക്കെ പ്ലാനുകളായിരിക്കും നടത്തുക എന്ന്.
കൂടാതെ, തമിഴക വെട്രി കഴകത്തിന്റെ പതാകയിൽ ഉൾപ്പെടുത്തിയ ചിഹ്നങ്ങളെ നോക്കുകയാണെങ്കിൽ, സംഘകാലത്തു തമിഴ് വീരൻമാർ യുദ്ധങ്ങളിൽ മറ്റും പങ്കെടുക്കാറുണ്ടായിരുന്നു. യുദ്ധത്തിൽ വിജയിച്ച് വരുന്ന വീരന്മാരെ വിജയത്തിന്റെ പ്രതീകമായ വാകപ്പൂവ് അണിഞ്ഞാണു ഗ്രാമീണർ സ്വീകരിച്ചിരുന്നത്. ഈ തമിഴ് വികാരമാണ് വിജയ് ഉപയോഗപ്പെടുത്തുന്നത് എന്നു വ്യക്തം. ശ്രീലങ്കൻ തമിഴർക്കിടയിലും വലിയ ആരാധകവൃന്ദമാണു വിജയ്ക്ക് ഉള്ളത് എന്നതു കൂടി ഇതിനോടു ചേർത്തു വായിക്കേണ്ടതാണ്.
അതേസമയം, പതാകയിൽ ഉപയോഗിച്ചിരുന്ന രണ്ട് ആനകളും ജനങ്ങളുടെ ശക്തിയെയാണു സൂചിപ്പിക്കുന്നത്. പതാക പുറത്തിറക്കുന്നതിന്റെ ഭാഗമായി പുറത്തുവിട്ട ഗാനത്തിൽ ജനങ്ങളെ ഉപദ്രവിച്ചിരുന്ന രണ്ട് കറുത്ത ആനകളെ, രണ്ട് വെളുത്ത ആനകൾ വന്ന് കീഴ്‌പ്പെടുത്തുന്നതായി കാണിച്ചിരുന്നു. കറുത്ത ആനകൾ ദ്രാവിഡ പാർട്ടികളായ ഡിഎംകെ, അണ്ണാ ഡിഎംകെ എന്നിവരെയാണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്. വിജയം വരിച്ച വെളുത്ത ആനകൾ ശക്തി തെളിയിക്കുന്ന ജനങ്ങളുടെ ചിഹ്നങ്ങളായിരിക്കാം.
കൂടാതെ, ദ്രാവിഡ പാർട്ടികളുടെ പാത പിന്തുടരാനേ ആ പാരമ്പര്യം അവകാശപ്പെടാനോ ഉദ്ദേശിക്കുന്നില്ലെന്നാണു പതാകയുടെ നിറംകൊണ്ടു താരം വ്യക്തമാക്കുന്നത്. ദ്രാവിഡ പാരമ്പര്യം പിന്തുടരുന്ന പാർട്ടികൾ സാധാരണയായി കൊടിയിൽ കറുപ്പ് നിറം ഉപയോഗിക്കാറുണ്ടായിരുന്നു. ദ്രാവിഡ കഴകം, ഡിഎംകെ, അണ്ണാ ഡിഎംകെ, വൈകോയുടെ എംഡിഎംകെ, വിജയകാന്തിന്റെ ഡിഎംഡികെ എന്നീ പാർട്ടികൾ പഴയ ദ്രാവിഡ പാരമ്പര്യം ഉറപ്പിക്കാൻ ഈ കറുപ്പ് നിറം പതാകയിൽ ഉൾപ്പെടുത്തുകയും പേരിൽ ‘ദ്രാവിഡം’ എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിൽനിന്നു താരം ദൂരം പാലിക്കുകയാണ്. ഇതിലൂടെ ഒരു കാര്യം വ്യക്തം. ദ്രാവിഡ പാർട്ടികൾക്ക് ബദലാകാൻ തന്നെയാണ് വിജയ് ഉദ്ദേശിക്കുന്നത്.
അതേസമയം, പുറത്തുവന്ന വിഡിയോയിൽ മുൻ മുഖ്യമന്ത്രിമാരായ കെ.കാമരാജ്, എംജിആർ എന്നിവരുടെ ഛായാചിത്രങ്ങളും വിജയ്‌ക്കൊപ്പം കാണിക്കുന്നുണ്ട്. കാമരാജ് മാതൃകയിലുള്ള ഭരണവും എംജിആർ മാതൃകയിൽ ജനങ്ങളോടുള്ള സ്നേഹവും സമന്വയിപ്പിക്കുകയാണോ വിജയ് എന്നുമുള്ള സൂചനകളും നൽകുന്നു. ‘വെട്രി’ എന്ന വാക്ക് തന്നെ പാർട്ടിയുടെ പേരിൽ ഉൾപ്പെടുത്തിയത് വിജയം എന്ന അർഥത്തിലാണ്. വിജയ് നായകനായ ആദ്യ ചലച്ചിത്രത്തിന്റെ പേരും വെട്രി ആയിരുന്നു എന്നതു യാദൃച്ഛികമാകാൻ ഇടയില്ല. തമിഴക വെട്രി കഴകം എന്ന പേരും കൊടിയുമായി വിജയ് എത്തിയതോടെ, പ്രധാന രാഷ്ട്രീയ പാർട്ടികളെ ഇത് എത്രത്തോളം ബാധിക്കുമെന്നാണ് എല്ലാവരും ഇനി ഉറ്റുനോക്കുന്നത്.