ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക ബഞ്ചിന്റെ സിറ്റിങ് നാളെ

റിപ്പോർട്ടിന്റെ സമ്പൂർണ രൂപം സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി

kerala high court and hema committe

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പൊതുതാൽപര്യ ഹരജിയിൽ നാളെ ഹൈക്കോടതിയിൽ സിറ്റിങ്. കോടതിയുടെ നിർദേശ പ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സമ്പൂർണ രൂപം സർക്കാർ സമർപ്പിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും, റിപ്പോര്‍ട്ടിന്മേല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പായിച്ചിറ നവാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. റിപ്പോര്‍ട്ടില്‍ ശക്തമായ നടപടി ഉണ്ടാകേണ്ടതുണ്ടെന്ന് ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അഭിപ്രായപ്പെട്ടിരുന്നു.

തുടര്‍ന്നാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്ര വെച്ച കവറില്‍ കോടതിക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. കോടതിയുടെ ചേംബറില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിശോധിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാനായി ആക്ടിങ് ചീഫ് ജസ്റ്റിസ്, നേരത്തെ ജസ്റ്റിസ് എ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ 129 ഖണ്ഡികകള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ നേരത്തെ പുറത്തു വിട്ടിരുന്നത്. റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കി. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കണമെന്ന വിവരാവകാശ കമ്മീഷന്‍ നിര്‍ദേശത്തിന്റെ മറവില്‍, കൂടുതല്‍ പേജുകള്‍ സര്‍ക്കാര്‍ മറച്ചു പിടിക്കുകയായിരുന്നു എന്നാണ് ആരോപണം ഉയര്‍ന്നത്.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട മുഴുവൻ ഹരജികളും പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചാണ് നാളെ രാവിലെ 10നു ചേരുന്നത്. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, സി.എസ് സുധ എന്നിവരാണ് ബെഞ്ചിലുള്ളത്. സജിമോൻ പാറയിൽ, ജോസഫ് എം പുതുശ്ശേരി, ടി.പി നന്ദകുമാർ, ആൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് പ്രോട്ടക്ഷൻ കൗൺസിൽ, അഭിഭാഷകരായ ജന്നത്ത് എ, അമൃത എന്നിവർ സമർപ്പിച്ച ആറ് ഹരജികളാണു നിലവിൽ കോടതിക്കു മുന്നിലുള്ളത്.

കേസിൽ നടി രഞ്ജിനിയും കക്ഷി ചേർന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് രഞ്ജിനി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വനിതാ കമ്മിഷനെയും കേസിൽ കോടതി കക്ഷിചേർത്തിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments