കൊച്ചി: മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകാനുള്ള അന്വേഷണ സംഘത്തിൻ്റെ നീക്കത്തിന് കടിഞ്ഞാണിട്ട് സർക്കാർ. മുൻകൂർ ജാമ്യം നൽകികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുന്നത് സർക്കാർ വിലക്കി. ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിൻറെ ഇടപെടൽ.
സർക്കാർ അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയശേഷമാണ് എസ് ഐ ടി ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നത്. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ് ഐ ടി. ഇത് ചൂണ്ടികാട്ടി അപ്പീൽ നല്‍കാനിരിക്കെയാണ് സര്‍ക്കാര്‍ വിലക്കുന്നത്. കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സത്യം തെളിയിക്കാനുള്ള യാത്രയില്‍ ആദ്യപടി കടന്നെന്നാണ് മുകേഷിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചത്.
മുൻകൂർ ജാമ്യത്തിനെത്തിരെയുള്ള അപ്പീൽ ഹർജി അന്വേഷണ സംഘം നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. എന്നാൽ ഹൈക്കോടതിയെ സമീപിക്കേണ്ടന്ന് അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പ് നിർദേശം നൽക്കുകയായിരുന്നു. എന്നാൽ അപ്പീൽ നൽകണം എന്നാണ് അന്വേണ സംഘത്തിൻ്റെ നിലപാട്. മുകേഷിൻ്റ കാര്യത്താൽ അപ്പീൽ അനുമതി ഇല്ലെങ്കിൽ ഇടവേള ബാബുവിൻ്റെ മുൻകൂർ ജാമ്യത്തിലും അപ്പീൽ നൽകില്ല.
നടിയെ ബലാത്സംഗ ചെയ്‌തെന്ന കേസിൽ മുകേഷിനും, നടൻ ഇടവേള ബാബുവിനും സെപ്റ്റംബർ അഞ്ചിനാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എറണാകുളം സെഷൻസ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.