തിരുവനന്തപുരം: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഓണം ഉത്സവബത്തയായി 1000 രൂപ വീതം ലഭിക്കും. ഇതിനായി സംസ്ഥാന സർക്കാർ 56.91 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവൃത്തിദിനം പൂർത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികൾക്കാണ് ഉത്സവബത്ത അനുവദിച്ചത്.
അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കും ഓണത്തോടനുബന്ധിച്ച് 1000 രൂപവീതം ഉത്സവബത്ത അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 5929 തൊഴിലാളികൾക്കാണ് ബത്ത ലഭിക്കുന്നത്.