‘ഗു’ ആകുന്ന ഇരുട്ടിൽ‌ നിന്ന് ‘രു’ ആകുന്ന രക്ഷകൻ; ഗുരുവിനെ ദൈവ തുല്യമായി കാണുന്ന ഭാരതീയ സംസ്കാരം; ഇന്ന് ദേശീയ അദ്ധ്യാപക ദിനം

അക്ഷരലോകത്തെ പരിചയപ്പെടുത്തിയ ഗുരുക്കൻന്മാർക്കായൊരു ദിനം. ഇന്ന് ദേശീയ അദ്ധ്യാപക ദിനം. ഗുരുവിനെ ദൈവ തുല്യമായി കാണുന്ന സംസ്കാരമാണ് നാം പിന്തുടരുന്നത്. വരും തലമുറയ്‌ക്ക് അറിവിൻ്റെ വെളിച്ചം പകർന്നു കൊടുക്കുന്ന എല്ലാ അദ്ധ്യാപകരെയും ആദരിക്കുന്നതിനായി ഇന്നേ ദിനം വിനിയോ​ഗിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപരാഷ്‌ട്രപതിയായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ ജന്മദിനമാണ് ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്‌ മാതാ പിതാ ഗുരു ദൈവം എന്ന സങ്കൽപ്പം മനസ്സിൽ പതിഞ്ഞു പോയ സംസ്‌കാരമാണ് നമ്മുടേത്. ദൈവത്തിനും മുകളിലാണ് നാം അധ്യാപകർക്ക് കൽപിക്കുന്ന സ്ഥാനം എന്നതാണ് ഇതിൻ്റെ സാരാംശം. അനുഭവജ്ഞാനത്തിൻ്റെയും പഠനത്തിൻ്റെയും ഒക്കെ ബലത്തിലാണ് ഒരു അധ്യാപകൻ നമ്മൾക്ക് വിദ്യ ഉപദേശിച്ചു നൽകുന്നത്. അതുകൊണ്ട് തന്നെ അവരെ എത്രതന്നെ പുകഴ്ത്തിയാലും ഓർത്താലും ഒന്നും മതിയാവില്ല.
അത്തരത്തിൽ നമ്മുടെ പ്രിയപ്പെട്ട അധ്യാപകരുടെ സേവനവും അവരുടെ ത്യാഗവും ഒക്കെ ഓർക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് അധ്യാപക ദിനം എന്ന ആഘോഷം. ആഗോള തലത്തിൽ ഒക്ടോബർ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നതെങ്കിൽ ഇന്ത്യയിൽ അത് സെപ്റ്റംബർ അഞ്ചിനാണ്. ഡോ. എസ് രാധാകൃഷ്‌ണൻ്റെ ജന്മദിനമാണ് നാം അധ്യാപകദിനമായി ആചരിക്കുന്നത്.

പണ്ഡിതനും തത്ത്വചിന്തകനും ഭാരതരത്‌ന ജേതാവുമായ ഡോ. എസ്. രാധാകൃഷ്ണൻ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്‌ട്രപതിയും രണ്ടാമത്തെ രാഷ്‌ട്രപതിയുമാണ്. 1888 സെപ്റ്റംബർ അഞ്ചിനാണ് അദ്ദേഹത്തിൻ്റെ ജനനം. അദ്ധ്യാപകർ സമൂഹത്തിന് നൽകുന്ന സംഭാവനകളെക്കുറിച്ച് ഓർക്കാനും അതിനെ ആദരിക്കാനും വേണ്ടിയാണ് അദ്ധ്യാപക ദിനം ആചരിക്കുന്നത്.  ഈ ദിനത്തിന് പിന്നിലൊരു കഥയുണ്ട്.

1962-ൽ രാഷ്‌ട്രപതിയായി ചുമതലയേറ്റ ശേഷം എസ്. രാധാകൃഷ്ണൻ്റെ ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് വിദ്യാർത്ഥികളിൽ‍ ചിലർ അദ്ദേഹത്തെ സമീപിച്ചു. ‌ എത്ര നിർബന്ധിച്ചിട്ടും അദ്ദേഹം അതിന് സമ്മതിച്ചില്ല. ഒടുവിൽ ശിഷ്യൻമാരുടെ നിർബന്ധം സഹിക്കാതെ വന്നതോടെ നിങ്ങൾക്ക് നിർബന്ധമാണങ്കിൽ രാജ്യത്തെ മുഴുവൻ അദ്ധ്യാപകർക്കും വേണ്ടി അദ്ധ്യാപക ദിനമായി നമുക്ക് സെപ്റ്റംബർ അഞ്ച് ആഘോഷിക്കാം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ 1961 ആദ്യത്തെ അദ്ധ്യാപക ദിനം രാജ്യത്ത് ആഘോഷിച്ചു. പിന്നീടിങ്ങോട്ട് എല്ലാ വർഷവും നാം അത് തുടരുന്നു.

കുറഞ്ഞത് പതിനഞ്ച് വർഷമെങ്കിലും നീണ്ടുനിൽക്കുന്ന വിദ്യാഭ്യാസ കാലയളവിൽ നമ്മൾ ഓരോരുത്തർക്കും തണലായും താങ്ങായും ഒക്കെ കൂടെ നിന്ന അധ്യാപകർ ഏറെയുണ്ടാവും. അവരെ ഒക്കെ ഓർക്കാനും അവർക്ക് ഒക്കെയും ആശംസകൾ അറിയിക്കാനും അതിലുപരി ഗുരുശിഷ്യ ബന്ധം പുതുക്കാനുമുള്ള മികച്ച അവസരമാണ് ഈ ദിനം നൽകുന്നത്.

അദ്ധ്യാപകരുടെ സാമൂഹ്യ- സാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ വിദ്ധ്യാർത്ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് അദ്ധ്യാപക ദിനാഘോഷത്തിന്റെ പ്രധാന ലക്ഷ്യം. അറിവ് പകർന്നു തന്ന ഗുരുക്കന്മാരെ ഓർമ്മിക്കാനും അദ്ധ്യാപകരെ ബഹുമാനിക്കാനും പഠിക്കാം.. കാലമെത്ര കഴിഞ്ഞാലും അവരെ മറക്കാതിരിക്കാം..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments