‘അലോപ്പതി മരുന്നുകള്‍ വിഷമാണ്, കാമം ഉണർത്തുന്നു’: വിവാദ പ്രസ്താവനയുമായി ബാബാ രാംദേവ്

വ്യാജ പരസ്യങ്ങള്‍ നല്‍കിയെന്ന പരാതിയില്‍ സുപ്രീംകോടതിയില്‍ മാപ്പപേക്ഷിച്ച് താക്കീത് ഏറ്റുവാങ്ങിയ, യോഗ ഗുരുവും പത്ഞ്ജലി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ബാബ രാംദേവ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്.

അലോപ്പതി മരുന്നുകളെ ‘വിഷം’ എന്ന് വിളിക്കുകയും ‘ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നു’ എന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ത്യയില്‍ ആരോഗ്യ സ്വാതന്ത്ര്യം ദീര്‍ഘകാല സ്വപ്നമാണ്, കാരണം ദശലക്ഷക്കണക്കിന് ആളുകള്‍ അലോപ്പതി മരുന്നുകളുടെ വിഷ മരുന്നുകള്‍ കഴിച്ച് ഓരോ വര്‍ഷവും മരിക്കുന്നു…,” എന്നാണ് രാംദേവ് മാധ്യമങ്ങളോട് പറഞ്ഞത്.

അദ്ദേഹം തുടർന്നു പറയുന്നു, “… സോഷ്യൽ മീഡിയയിലൂടെ ഒരു വലിയ പ്രത്യയശാസ്ത്ര യുദ്ധം നടക്കുന്നു. ഇത് ഇന്ത്യയിലെ കുട്ടികളെയും യുവാക്കളെയും നശിപ്പിക്കുന്നു. ഇത് ആളുകൾക്കിടയിൽ കാമവികാരങ്ങൾ വളർത്തുന്നു. ബലാത്സംഗവും കൂട്ടബലാത്സംഗവും നടക്കുന്നു. അതിൻ്റെ ഒരു കാരണം അലോപ്പതി മരുന്നുകളാണ്. ജനങ്ങള്‍ യോഗയിൽ നിന്ന് അകന്നുനിൽക്കുകയാണ്, ഇന്ത്യയിലുടനീളം ഒരു താണ്ഡവമാണ് നടക്കുന്നത്, ഇവിടെ കൂട്ടബലാത്സംഗം പോലെയുള്ള സംഭവങ്ങൾ കാണുമ്പോൾ, 78-ാം സ്വാതന്ത്ര്യ ദിനത്തിൽ രാഷ്ട്രീയ, വിദ്യാഭ്യാസ, വൈദ്യ, സാമ്പത്തിക, പ്രത്യയശാസ്‌ത്ര, സാംസ്‌കാരിക സ്വാതന്ത്ര്യത്തിനു പുറമേ, ഈ രാജ്യത്ത് രോഗങ്ങളിൽ നിന്നും മയക്കുമരുന്നുകളിൽ നിന്നും മോഹങ്ങളിൽ നിന്നും സ്വാതന്ത്ര്യം കൊണ്ടുവരാൻ ഞങ്ങൾ സഹായിക്കുമെന്ന് പ്രതിജ്ഞയെടുത്തു – രാംദേവ് പറഞ്ഞു.

വ്യാജ പരസ്യങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് പതഞ്ജലി ആയുര്‍വേദ സഹസ്ഥാപകനും അദ്ദേഹത്തിന്റെ സഹായിയുമായ ആചാര്യ ബാലകൃഷ്ണയ്ക്കും കമ്പനിക്കുമെതിരായ കോടതി അലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് രാംദേവിന്റെ പുതിയ പ്രസ്താവന.

ചൊവ്വാഴ്ച, ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് കക്ഷികള്‍ നല്‍കിയ മാപ്പപേക്ഷ സ്വീകരിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു. രാംദേവിനും ബാലകൃഷ്ണയ്ക്കും മുന്‍കാല പെരുമാറ്റം ആവര്‍ത്തിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.

കോടതി വിധി മെയ് 14ന് മാറ്റി വച്ചിരുന്നു. കോടതി ഉത്തരവുകള്‍ ഏതെങ്കിലും കക്ഷികള്‍ ലംഘിച്ചാല്‍ നിയമനടപടികള്‍ പുനരാരംഭിക്കുമെന്നും കോടതി അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments