വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവരുടെ മാനസിക പുനരധിവാസമാണ് പ്രധാനം. കാണാതായവരുടെ കണക്ക് കൃത്യമായി കിട്ടേണ്ടതുണ്ട്. പരിശോധനയ്ക്ക് കൂടുതല്‍ സേന വേണമെങ്കില്‍ കേരളം ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തി സന്ദർശനം നടത്തിയത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. മന്ത്രി മുഹമ്മദ് റിയാസുമായും അദ്ദേഹം ചർച്ച നടത്തി. രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥർ സുരേഷ് ഗോപിയോട് വിശദീകരിച്ചു.