വയനാട് ദുരിത ബാധിത പ്രദേശങ്ങളില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡിസാസ്റ്റർ പി.ആർ അവസാനിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.
ആദ്യം ആര് ഓടിയെത്തുമെന്ന മത്സരം പാടില്ല, ഒന്നിച്ച് അതിജീവിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് സന്നദ്ധ പ്രവർത്തകർ നടത്തിവന്നിരുന്ന ഭക്ഷണ വിതരണം നിർത്തലാക്കി സർക്കാരിന്റെ മേല്‍നോട്ടത്തില്‍ ഭക്ഷണ വിതരണം നടത്താൻ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് മതിയായ ഒരുക്കങ്ങള്‍ നടത്താതെയാണ് സർക്കാർ ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടത്.
ഇന്ന് രാവിലെ മുതല്‍ രക്ഷാപ്രവർത്തകർക്ക് ഭക്ഷണ ദൌർലഭ്യം അനുഭവപ്പെടുകയും റവന്യു വകുപ്പ് വിതരണം ചെയ്ത ഭക്ഷണം പഴകിയതാണെന്ന ആക്ഷേപം ഉയരുകയും ചെയ്തതോടെ ഈ തീരമാനം പിൻവലിക്കേണ്ടി വരികയായിരുന്നു.
സർക്കാരിനല്ലാതെ മറ്റാർക്കും രക്ഷാ പ്രവർത്തനത്തിന്റെ ക്രെഡിറ്റ് പോകണ്ടായെന്ന് കരുതി മറ്റ് സംഘടനകളെ തടയുകയായിരുന്നുവെന്ന ആക്ഷേപവും വയനാട് ദുരിത ബാധിത മേഖലയില്‍ ശക്തമാണ്.
വൈറ്റ് ഗാർഡിന്റെ ഭക്ഷണവിതരണം നിർത്തിച്ചതിന് കാരണമായി പറഞ്ഞത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി ഒരു കേന്ദ്രീകൃത അടുക്കള സംവിധാനം ഒരുക്കുന്നുവെന്നായിരുന്നു. പക്ഷേ ഇക്കാര്യങ്ങള്‍ നടപ്പിലാകാതെ ദുരിത ബാധിത പ്രദേശത്ത് തെരച്ചില്‍ – രക്ഷാ പ്രവർത്തനത്തിന് എത്തിയവർ ബുദ്ധിമുട്ടിലായതോടെയാണ് തീരുമാനം മാറ്റേണ്ടി വന്നിരിക്കുന്നത്.