Sports

പാരിസ് ഒളിമ്പിക്സ്: ഇന്ത്യയ്ക്ക് മൂന്നാം മെഡൽ; ഷൂട്ടിംഗ് വിഭാഗത്തിൽ വെങ്കലം സ്വന്തമാക്കി സ്വപ്‌നിൽ കുശാലെ

പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ. 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഷൂട്ടിംഗ് പുരുഷ വിഭാഗം ഫൈനലിൽ സ്വപ്നിൽ കുശാലെ വെങ്കലം സ്വന്തമാക്കി. 451.4 പോയിന്റ് നേടിയാണ് കുശാലെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

44 ഷൂട്ടർമാരാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്. ഇവരിൽ നിന്ന് എട്ടുപേരായിരുന്നു ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. 463.6 പോയിന്റുമായി ചൈനീസ് താരം ലിയു യുകിനാണ് ഒന്നാം സ്ഥാനത്ത്. 461.3 പോയിന്റുമായി യുക്രെയിൻ താരം എസ് കുലിശ് രണ്ടാം സ്ഥാനം നേടി. ഇതോടെ ഇന്ത്യയുടെ പാരിസ് ഒളിമ്പിക്സിലെ മെഡൽ നേട്ടം മൂന്നായി.

നീലിംഗ് പൊസിഷൻ, പ്രോൺ പൊസിഷൻ എന്നിവയിൽ പിന്നിലായിരുന്നെങ്കിലും സ്റ്റാൻഡിംഗ് പൊസിഷനിൽ മികച്ച പ്രകടനം കാഴ്‌ചവച്ചാണ് മൂന്നാമനായി കുശാലെ ഫിനിഷ് ചെയ്തത്. ഇന്നലെ നടന്ന പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ഷൂട്ടിംഗ് യോഗ്യതാ റൗണ്ടിൽ ഏഴാമനായാണ് കുശാലെ ഫൈനലിലേയ്ക്ക് കടന്നത്.

സ്വപ്നിലിനൊപ്പം ഈയിനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം ഐശ്വരി പ്രതാപ് സിംഗ് ടോമറിന് ഫൈനലിലേക്ക് കടക്കാനായില്ല. യോഗ്യതാ റൗണ്ടിൽ ഐശ്വരി 11ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 38 ഇന്നർ ടെൻ പോയിന്റ് ഷോട്ടുകൾ അടക്കം 590 പോയിന്റാണ് മൂന്ന് പൊസിഷനുകളിൽ നിന്നുമായി സ്വപ്നിൽ യോഗ്യതാ റൗണ്ടിൽ നേടിയത്. നീലിംഗ് പൊസിഷനിൽ 198 (99+99), പ്രോൺ പൊസിഷനിൽ 197(98+99) , സ്റ്റാൻഡിംഗ് പൊസിഷനിൽ 195(98+97) എന്നിങ്ങനെയായിരുന്നു സ്വപ്നിലിന്റെ സ്കോറിംഗ്. ഐശ്വരിക്ക് 589 പോയിന്റുകളേ നേട‌ായുള്ളൂ.

ഷൂട്ടിംഗ് ഇനങ്ങളിൽ നിന്നാണ് പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യ മൂന്ന് മെഡലുകൾ നേടിയത്. പത്ത് മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകർ വെങ്കലം, പത്ത് മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ഇനത്തിൽ മനു ഭാകർ- സരബ്‌ജോത് സിംഗ് സഖ്യത്തിന് വെങ്കലം എന്നിങ്ങനെയാണ് ആറാം ദിനംവരെയുള്ള പാരിസ് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡൽ നേട്ടം.

Leave a Reply

Your email address will not be published. Required fields are marked *