പിണറായിയുടെ മുഖംവെച്ച് പരസ്യം ചെയ്യാൻ ചെലവായ കോടികള്‍ കൊടുക്കാൻ കെ.എൻ ബാലഗോപാലിനോട് നിർദ്ദേശം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പലതരം പരിപാടികള്‍ സര്‍ക്കാര്‍ ചെലവില്‍ നടന്നിരുന്നു. എന്നാല്‍ അതൊക്കെയും ഖജനാവ് കാലിയാക്കല്‍ ഊര്‍ജിതമാക്കി എന്നതിന് അപ്പുറത്തേക്ക് ഒരുഫലവും ഉണ്ടാക്കിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്.

ഇപ്പോള്‍, കോടികള്‍ മുടക്കിയ നവകേരള സദസിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുഖംമിനുക്കാന്‍ നടത്തിയ മുഖാമുഖം പരിപാടിക്ക് സംസ്ഥാന പി.ആര്‍.ഡിക്ക് ചെലവായത് 2.40 കോടി രൂപയെന്ന കണക്കുകള്‍ പുറത്തുവിടുകയാണ് മലയാളം മീഡിയ. പി.ആര്‍.ഡിക്ക് ചെലവായ തുക അനുവദിച്ച് ഈ മാസം 8ന് ഉത്തരവിറങ്ങുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖമുള്ള പരസ്യം കൊടുത്തതിന് മാത്രം 2 കോടി ചെലവായി. 9 ലക്ഷം പബ്‌ളിക്കേഷന്‍സിനും 14.30 ലക്ഷം ഫീല്‍ഡ് പബ്‌ളിസിറ്റിക്കും 13 ലക്ഷം മീഡിയ റിലേഷന്‍സിനും 3 ലക്ഷം വിഷ്യല്‍ കമ്യൂണിക്കേഷനും ചെലവായി.

2024 ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3 വരെയായിരുന്നു മുഖാമുഖം സംഘടിപ്പിച്ചത്. പൗരപ്രമുഖരെ വച്ച് നടത്തിയ നവകേരള സദസിന്റെ ക്ഷീണം മാറ്റാനായിരുന്നു മുഖ്യമന്ത്രി മുഖാമുഖം സംഘടിപ്പിച്ചത്. നവകേരള സൃഷ്ടിക്കായി ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കുന്നതിനായി വ്യത്യസ്ത മേഖലകളിലുള്ളവരുമായി പിണറായി വിജയന്‍ നടത്തിയതായിരുന്നു മുഖാമുഖം പരിപാടി.

ചോദ്യങ്ങളോടുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുത കാരണം, മുന്‍കൂട്ടി ചോദ്യങ്ങള്‍ വാങ്ങുകയും അതിനുള്ള ഉത്തരം എഴുതി തയ്യാറാക്കി വായിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു മുഖാമുഖം സംഘടിപ്പിച്ചത്. പി.ആര്‍ ഏജന്‍സിയുടെ തിരക്കഥയില്‍ ജീവനില്ലാത്ത ഷോ ആയി പിണറായിയുടെ മുഖാമുഖം മാറിയതും ഈ പശ്ചാത്തലത്തിലാണ്.

മന്ത്രിമാരായ ബിന്ദുവും പി പ്രസാദും മുഖാമുഖത്തിന് തങ്ങളുടെ വകുപ്പില്‍ നിന്ന് ചെലവാക്കിയത് 51.03 ലക്ഷമാണ്. മറ്റ് വകുപ്പുകളും മുഖാമുഖത്തിന് പണം നല്‍കിയിട്ടുണ്ട്. ഇതിന്റെ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. എല്ലാ കണക്കുകളും പുറത്ത് വരുമ്പോള്‍ മുഖാമുഖം പരിപാടിയുടെ ചെലവ് 10 കോടി കടക്കും എന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. പി.ആര്‍.ഡിക്ക് അനുവദിച്ച 2.40 കോടി ഈ സാമ്പത്തിക വര്‍ഷം ധനവകുപ്പ് നല്‍കും.