തിരുവനന്തപുരം: ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന സർക്കാർ ജീവനക്കാരെ സംബന്ധിച്ചേടത്തോളം തട്ടിപ്പും വഞ്ചനയും നിരാശ ഉളവാക്കുന്നതും ആണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം.എസ് അഭിപ്രായപ്പെട്ടു.

2024-25 മുതൽ പ്രതിവർഷം 2 ഗഡു ഡി.എ അനുവദിക്കുമെന്നാണ് പ്രഖ്യാപനം. അതിനർത്ഥം ഇതുവരെ കുടിശ്ശികയായ ആറ് ഗഡു ഡി എ സർക്കാർ ജീവനക്കാർക്ക് നഷ്ടപ്പെട്ടു എന്നാണ്. ഈ വർഷം ഇനി ഒരു ഗഡു ഡി.എ മാത്രമേ അനുവദിക്കൂ. 3% വരുന്ന പ്രസ്തുത ഡി.എ അനുവദിച്ചാലും 19% ഡി.എ വീണ്ടും കുടിശ്ശികയായി തുടരും. ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി എ കുടിശ്ശിക കൊടുത്തു തീർക്കുമെന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രസ്താവന പാഴ്വാക്കാണെന്ന് ഇതോടെ ബോധ്യമായി.

ഡി.എ, ഡി.ആർ, ശമ്പള പരിഷ്ക്കരണ കുടിശ്ശിക സംബന്ധിച്ച് വിശദമായ ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കുമെന്ന വാക്കിനപ്പുറം ശമ്പള പരിഷ്ക്കരണ കുടിശ്ശിക സംബന്ധിച്ച് സർക്കാർ മൗനം പാലിക്കുന്നു. 2024 ജൂലൈ ഒന്ന് മുതൽ സർക്കാർ ജീവനക്കാർക്ക് ലഭ്യമാക്കേണ്ട ശമ്പളപരിഷ്ക്കരണത്തെ കുറിച്ച് ഒരക്ഷരം പോലും ഉരിയാടുന്നില്ല. കോവിഡ് കാലത്ത് മെച്ചപ്പെട്ട ശമ്പള പരിഷ്ക്കരണം നടത്തിയെന്ന് ഈ സർക്കാർ ഊറ്റം കൊള്ളണ്ട. കാരണം സർവീസ് വെയ്റ്റേജും സി സി എ യും ഉൾപ്പെടെ നഷ്ടപ്പെടുത്തിയ, അതിൻ്റെ പേരിൽ എല്ലാ ഡി എ യും കവർന്നെടുത്തവരാണ് കേരളത്തിലെ ഇടതുമുന്നണി സർക്കാർ . 2021 ൽ ശമ്പളം പരിഷ്ക്കരിച്ചെന്ന് പറഞ്ഞ് പിന്നീട് 3 വർഷം ഡി എ പോലും തന്നില്ല.

പരിഷ്ക്കരണ കുടിശ്ശികയുമില്ല, ഡി എയുമില്ല, ഡി എ കുടിശ്ശികയും ലീവ് സറണ്ടറും ഇല്ലാത്ത ദുരിതകാലമാണ് എൽ ഡി എഫ് സർക്കാർ ജീവനക്കാർക്ക് സമ്മാനിച്ചതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അഭിപ്രായപ്പെട്ടു.

നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന “അലഭ്യലഭ്യശ്രീ’ ആണെന്നും

പ്രഖ്യാപനത്തിൽ ഡി എ ഉണ്ടെങ്കിലും കിട്ടില്ലെന്ന് ആരോപിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി എ ബിനു കെഎം അനിൽകുമാർ, എ സുധീർ, ഗോവിന്ദ് ജി ആർ, നൗഷാദ് ബദറുദ്ദീൻ,റെയ്സ്റ്റൺ പ്രകാശ് സി സി, തിബീൻ നീലാംബരൻ,സജീവ് പരിശവിള, ആർ രഞ്ജിഷ് കുമാർ, കീർത്തിനാഥ് ജി എസ്, സുശീൽ കുമാരി, ദീപ വി ഡി, ആർ രാമചന്ദ്രൻ നായർ, അജേഷ് എം, രാജേഷ് എം ജി തുടങ്ങിയവർ സംസാരിച്ചു..