തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിരമിച്ച പി.എസ്.സി അംഗത്തെ നിയമിക്കാൻ നീക്കവുമായി മന്ത്രി ജി.ആര്‍. അനില്‍. എന്നാല്‍, മന്ത്രിയുടെ നീക്കം സ്വജനപക്ഷപാതപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന ആക്ഷേപം ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ നിയമവകുപ്പിന്റെ അഭിപ്രായം തേടാന്‍ ശ്രമം ആരംഭിച്ചു.

ഒരിക്കല്‍ പി.എസ്.സി അംഗമായ വ്യക്തിക്ക് യു.പി.എസ്.സി അംഗമോ, ചെയര്‍മാനോ, ഇതര സംസ്ഥാനങ്ങളിലെ പി.എസ്.സി ചെയര്‍മാനോ ആകാന്‍ മാത്രമേ സാധിക്കൂ എന്നാണ് ആര്‍ട്ടിക്കിള്‍ 319 (ഡി) യില്‍ പറയുന്നത്.

മറ്റ് പ്രലോഭനങ്ങളോ, ബാഹ്യ സമ്മര്‍ദ്ദങ്ങളോ ഇല്ലാതെ പി.എസ്.സി അംഗങ്ങള്‍ പ്രവര്‍ത്തിക്കണം എന്നതിന് വേണ്ടിയാണ് ഭരണഘടനയില്‍ ഇങ്ങനെ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇത് മറികടന്നാണ് ഭക്ഷ്യ കമ്മീഷന്‍ തലവനായി ജിനു സക്കറിയ ഉമ്മനെ കൊണ്ട് വരുന്നത്.

ജിനു സക്കറിയ ഉമ്മൻ

റിട്ടയേര്‍ഡ് ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവരുടെ അപേക്ഷ തള്ളിയാണ് ജിനു സക്കറിയ ഉമ്മനെ ഭക്ഷ്യ കമ്മീഷന്‍ തലവനായി കൊണ്ട് വരുന്നത്. പി.എസ്.സിയുടെ മുന്‍ അംഗം എന്ന നിലയില്‍ 1 ലക്ഷം രൂപ പെന്‍ഷന്‍ ജിനു സക്കറിയക്ക് ലഭിക്കുന്നുണ്ട്. അത് കൂടാതെയാണ് 2 ലക്ഷം രൂപ ശമ്പളത്തിലുള്ള പുതിയ നിയമനത്തിനുള്ള നീക്കം. ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റന്റ് എഡിറ്റര്‍ കെ.പി സായ് കിരണ്‍ ആണ് ജി.ആര്‍. അനിലിന്റെ ഭരണഘടന വിരുദ്ധ നീക്കം പുറത്ത് കൊണ്ട് വന്നത്.