വിരമിക്കൽ ആനുകൂല്യമായ 4000 കോടി കൊടുത്താൻ സാമ്പത്തിക നില പാളം തെറ്റുമെന്ന് ഉപദേശം

ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ പരമാവധി വൈകിപ്പിക്കാൻ നീക്കം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണിത്.

2024 മെയ് മാസം 11,215 പേരാണ് സർക്കാർ സർവീസിൽ നിന്ന് വിരമിച്ചത്. ഇവരുടെ വിരമിക്കൽ ആനുകൂല്യം നൽകാൻ ഏകദേശം 4000 കോടിയോളം രൂപ വേണമെന്നാണ് ധനമന്ത്രി ബാലഗോപാലിൻ്റെ നിയമസഭ മറുപടി. മെയ് മാസം പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവരുടെ കണക്ക് ബാലഗോപാലിൻ്റെ കയ്യിൽ ഇല്ല. വിവരം ശേഖരിച്ചു വരുന്നു എന്നാണ് അതിനെ സംബന്ധിച്ച മറുപടി.

ഡിസംബർ വരെ 21,253 കോടി കടമെടുക്കാനാണ് കേന്ദ്രാനുമതി. ഇതിൽ 8000 കോടി കേരളം കടമെടുത്ത് കഴിഞ്ഞു. സെപ്റ്റംബർ 30 നുള്ളിൽ 7000 കോടി കൂടി കടമെടുക്കും. ഈ 7000 കോടിയിൽ നിന്ന് വിരമിക്കൽ ആനുകൂല്യമായ 4000 കോടി നൽകിയാൽ സാമ്പത്തിക നില പാളം തെറ്റും. വിരമിക്കൽ ആനുകൂല്യം വൈകിപ്പിക്കുന്നതിൻ്റെ ധനകാര്യ തന്ത്രം ഈ പശ്ചാത്തലത്തിലാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വിരമിക്കൽ ആനുകൂല്യം തടഞ്ഞു വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബാലഗോപാൽ പറയുന്നുണ്ടെങ്കിലും മെയ് മാസത്തിന് മുമ്പ് വിരമിച്ചവരിൽ ഭൂരിഭാഗം പേർക്കും വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ പി.എഫ് , സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് , ഗ്രൂപ്പ് ഇൻഷുറൻസ് എന്നിവയാണ് വിരമിക്കൽ ആനുകൂല്യങ്ങളായി ലഭിക്കേണ്ടത്.

താഴ്ന്ന തസ്തികയിൽ 8 ലക്ഷം മുതൽ 15 ലക്ഷം വരെയാണ് വിരമിക്കൽ ആനുകൂലും. ഗസറ്റഡ് തസ്തികയിൽ 40 ലക്ഷം വരെ വിരമിക്കൽ ആനുകൂല്യം ലഭിക്കും. 1 കോടി വരെ വിരമിക്കൽ ആനുകൂല്യം ലഭിക്കുന്ന ഉന്നത തസ്തികകളും ഉണ്ട്. വിരമിക്കൽ ആനുകൂല്യത്തിനുള്ള അപേക്ഷയിൽ അനാവശ്യ രേഖകൾ ആവശ്യപ്പെട്ട് വൈകിപ്പിക്കുന്നതായി നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്.