തിരുവനന്തപുരം: ശമ്പള കുടിശിക ലഭിക്കണമെന്ന് സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. തൻ്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പള കുടിശിക അടിയന്തിരമായി അനുവദിക്കണമെന്നാണ് കെ.വി തോമസിൻ്റെ ആവശ്യം.

5,40,452 രൂപയാണ് പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പള കുടിശിക. കുടിശിക അനുവദിക്കാൻ മുഖ്യമന്ത്രി ധനമന്ത്രിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2024 ജനുവരി 1 നാണ് കെ.വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ അനുവദിച്ചത്. പിണറായിയിൽ സ്വാധീനം ചെലുത്തി പ്രൈവറ്റ് സെക്രട്ടറി നിയമനം 2023 ജനുവരി മുതൽ മുൻകാല പ്രാബല്യത്തിൽ കെ.വി തോമസ് ആക്കി മാറ്റുകയായിരുന്നു.

ഒരു ജോലിയും ചെയ്യാതെ ഒരു വർഷത്തെ കുടിശിക പ്രൈവറ്റ് സെക്രട്ടറിക്ക് ലഭിക്കാൻ ഇത് വഴി സാധിച്ചു. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വർഷത്തെ മുൻകാല പ്രാബല്യത്തിൽ പ്രൈവറ്റ് സെക്രട്ടറി നിയമനം കൊടുക്കുന്നത്. ക്യാബിനറ്റ് റാങ്കുള്ള കെ.വി തോമസിന് ഒരു ലക്ഷം രൂപയാണ് ഓണറേറിയം. ഓണറേറിയം ആയതു കൊണ്ട് പെൻഷനും കെ.വി തോമസിന് ലഭിക്കും. എം.പി. പെൻഷൻ, എം.എൽ. എ പെൻഷൻ, അധ്യാപക പെൻഷൻ എന്നീ 3 പെൻഷനുകൾ കെ.വി തോമസിന് ലഭിക്കുന്നുണ്ട്.

ഡൽഹിയിലും കേരളത്തിലും ഓഫിസും നൽകിയിട്ടുണ്ട്. പ്രൈവറ്റ് സെക്രട്ടറിയെ കൂടാതെ 4 സ്റ്റാഫുകളും അനുവദിച്ചിട്ടുണ്ട്. 2023 ഡിസംബർ വരെ 23.57 ലക്ഷം രൂപയാണ് കെ.വി തോമസിനും സ്റ്റാഫുകൾക്കുമായി ചെലവായത്. കാബിനറ്റ് റാങ്ക് ആയതു കൊണ്ട് ഡൽഹിയിലും കേരളത്തിലും വാഹനവും കെ.വി തോമസിന് അനുവദിച്ചിട്ടുണ്ട്. കാറിന് ഇന്ധനം നിറച്ച വകയിൽ 51 , 775 രൂപയും കെ.വി. തോമസിന് നൽകിയിട്ടുണ്ട്.

ഡൽഹിയിലെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ കെ.വി. തോമസിനെ കൊണ്ട് സംസ്ഥാനത്തിന് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. തൃക്കാക്കരയിൽ ഉമ തോമസിനെ തോൽപിക്കാൻ കെ.വി തോമസ് അരയും തലയും മുറുക്കി ഇറങ്ങിയെങ്കിലും റെക്കോഡ് വിജയമാണ് ഉമ തോമസിന് ലഭിച്ചത്.

ഇക്കുറി ലോക സഭ തെര ഞ്ഞെടുപ്പിൽ ഹൈബി ഈഡനെതിരെ അണിയറയിൽ ഇരുന്നാണ് കെ.വി തോമസ് തന്ത്രങ്ങൾ മെനഞ്ഞത്. ഹൈബിയും റെക്കോഡ് വിജയത്തിൽ ജയിച്ചത് ചരിത്രം. മുന്നിൽ നിന്നാലും പിന്നിൽ നിന്നാലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കെ.വി തോമസിൻ്റെ കാലം കഴിഞ്ഞുവെന്ന് പകൽ പോലെ വ്യക്തം.