ബ്രിട്ടിഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി സോജൻ ജോസഫ്
ബ്രിട്ടനില്‍ ഭരണമുറപ്പിച്ച് ലേബര്‍ പാര്‍ട്ടി. കെയ്ർ സ്റ്റാർമർ (Keir Starmer) പ്രധാനമന്ത്രിയാകും. ആകെയുള്ള 650 സീറ്റുകളില്‍ കേവല ഭൂരിപക്ഷമായ 326 സീറ്റുകള്‍ മറികടന്നു. റിഷി സുനക്കിന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണുണ്ടായത്. ഭരണകാലാവാധി പൂർത്തിയാക്കുന്നതിന് മുമ്പ് വലിയ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട റിഷി സുനക്കിന്റെ പാർട്ടിക്ക് ഏറ്റ തിരിച്ചടി അപ്രതീക്ഷിതമായിരുന്നു.
ഹോൽബോൺ ആൻഡ് സെന്റ് പാൻക്രാസ് സീറ്റിൽനിന്നാണ് സ്റ്റാർമറുടെ വിജയം. ലേബർ പാർട്ടിയിൽ വിശ്വാസമർപ്പിച്ച് വോട്ടു ചെയ്തവരോട് കെയ്ർ സ്റ്റാർമർ നന്ദി അറിയിച്ചു. പ്രധാനമന്ത്രി ഋഷി സുനക് കൺസർവേറ്റീവ് പാർട്ടിയുടെ തോൽവി സമ്മതിച്ചു. സ്റ്റാർമറെ ഫോണിൽ വിളിച്ച് സുനക് അഭിനന്ദനമറിച്ചു. റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് സുനക് നിലനിർത്തി. 23,059 വോട്ടാണു ഭൂരിപക്ഷം.
14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ചാണ് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക് എത്തുന്നത്. 650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവലഭൂരിപക്ഷത്തിനുവേണ്ട 325 സീറ്റ് ലേബർ പാർട്ടി മറികടന്നു. നിലവിൽ 359 സീറ്റുമായി ലേബർ പാർട്ടി മുന്നേറുകയാണ്. കൺസർവേറ്റീവ് പാർട്ടി വെറും 72 സീറ്റിൽ ഒതുങ്ങി. 2019 ലേതിനെക്കാൾ 172 സീറ്റാണ് കൺസർവേറ്റീവ് പാർട്ടിക്ക് നഷ്ടമായത്. 46 സീറ്റുമായി ലിബറൽ ഡെമോക്രാറ്റ് പാർട്ടി മൂന്നാമതെത്തി.
ലേബർ പാർട്ടിയുടെ സ്ഥാനാർഥിയായ മലയാളി സോജൻ ജോസഫ് ആഷ്ഫെഡ് മണ്ഡലത്തിൽ വിജയിച്ചു. ബ്രിട്ടിഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് സോജൻ. ആഷ്ഫെഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്സിങ് മേധാവിയുമാണ് സാജൻ ജോസഫ്.