സമസ്ത മുസ്ലിം ലീഗ് ബന്ധത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ലീഗുമായുള്ള ബന്ധത്തിൽ ഒരു പോറൽ പോലും ഇല്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

പൊന്നാനിയിലെ സിപിഎം സ്ഥാനാർത്ഥി കെ എസ് ഹംസയെ സമസ്ത പിന്തുണച്ചു എന്നത് തെറ്റായ പ്രചാരണം ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയകളിൽ ആരെങ്കിലും അങ്ങനെ പ്രചാരണം നടത്തിയതിന് സമസ്ത ഉത്തരവാദി അല്ലെന്നും തങ്ങൾ പറഞ്ഞു.

പിണറായി വിജയനും കെ എസ് ഹംസയും പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ

മുസ്ലീം ലീഗിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ പേരില്‍ നിലപാട് മാറ്റേണ്ട ആവശ്യമില്ല. നേരത്തേയും സമസ്തയുടെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. പൂര്‍വീകര്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോഴും സമസ്ത തുടരുന്നത്. മുസ്ലീം ലീഗ് സമസ്ത ബന്ധത്തില്‍ ഓരു പോറല്‍ പോലും ഉണ്ടായിട്ടില്ല. വിള്ളലുണ്ടാക്കാൻ ഇരു വിഭാഗത്തിലുമുള്ള അണികളില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടാവാം.

പലരും പലതും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും അതിനൊന്നും മറുപടിയില്ല. സമസ്ത രാഷ്ട്രീയത്തില്‍ കൈകടത്താറില്ല. എന്നാല്‍, സമസ്തയുടെ ആദര്‍ശങ്ങളില്‍ ആര് കോടാലി വച്ചാലും ഇടപെടും. അങ്ങനെ ഒരു സ്ഥിതി ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.