ജസ്റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്തക്കും ശമ്പളം കൊടുക്കാൻ മാത്രം വേണ്ടത് 7.15 കോടി
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടതോടെ അധികാരമില്ലാതെ നടുവൊടിഞ്ഞ അവസ്ഥയിലായി ലോകായുക്ത.
ലോകായുക്ത വിധി സർക്കാർ സംവിധാനങ്ങൾക്ക് പരിശോധിക്കാം എന്ന് തീർപ്പായതോടെ പോസ്റ്റ്മാൻ്റെ റോളിലായി ലോകായുക്ത. ചിറകൊടിഞ്ഞ ലോകായുക്തയെ തീറ്റിപ്പോറ്റാൻ സർക്കാർ ഖജനാവിൽ നിന്ന് എന്തിനാണ് കോടികൾ ഓരോ വർഷവും ചെലവഴിക്കുന്നത് എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
8.57 കോടി രൂപയാണ് ലോകായുക്തയെ തീറ്റിപ്പോറ്റാൻ ബജറ്റിൽ 2024-25 ൽ വകയിരുത്തിയിരിക്കുന്നത്. ലോകായുക്തയുടെയും ഉപലോകായുക്തയുടെയും ശമ്പളം മാത്രം 7.15 കോടിയാണ്. 87.79 ലക്ഷമാണ് സ്റ്റാഫിൻ്റെ ശമ്പളം.
യാത്രപ്പടി ക്ക് 11.30 ലക്ഷം, ഓഫിസ് ചെലവുകൾക്ക് 19. 09 ലക്ഷം, വാഹനത്തിൻ്റെ അറ്റകുറ്റ പണിക്ക് 4.58 ലക്ഷം, ഇന്ധനത്തിന് 12.40 ലക്ഷം, മറ്റ് ചെലവുകൾക്ക് 3 ലക്ഷം എന്നിങ്ങനെയാണ് ലോകായുക്തക്ക് അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ.
അധികാരമില്ലാത്ത ലോകായുക്തയിൽ കേസുകൾ കുറയാനാണ് സാധ്യത. സാമ്പത്തിക പ്രതിസന്ധി കാലത്ത് വിരമിച്ചവരെ കുടിയിരുത്താനുള്ള മറ്റൊരു സംവിധാനമായി മാറുകയാണ് ലോകായുക്ത.