CinemaNational

രാമക്ഷേത്ര ചരിത്രം ഡോക്യുമെന്ററിയാകുന്നു : അണിയറ പ്രവർത്തനങ്ങൾ തുടങ്ങി പ്രിയദർശൻ

അയോധ്യ രാമക്ഷേത്ര ചരിത്രം ഡോക്യുമെന്ററിയാകുന്നു. അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന് വേണ്ടിയാണ് രാമക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററി തയ്യാറാക്കുന്നത്. രാമപ്രതിഷ്ഠാ ചടങ്ങുകൾക്ക് തയ്യാറെടുക്കപ്പോലെ മറുവശത്ത് രാമക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററിക്കായുള്ള അണിയറ പ്രവർത്തനങ്ങൾ തകൃതിയായ് നടന്ന് കൊണ്ടിരിക്കുകയാണ് . ‍‍‍‍ഡോക്യുമെന്ററി തയ്യാറാക്കുന്നത് പ്രിയദർശനാണ്.

1883 മുതല്‍ പുതിയ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം വരെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്നതാണ് ഈ ഡോക്യുഡ്രാമ. ചരിത്ര പണ്ഡിതര്‍, പുരാവസ്തു വിദഗ്ധര്‍, പുരാണ-ഇതിഹാസ പണ്ഡിതര്‍ എന്നിവരടങ്ങിയ ഒരു സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് രാമക്ഷേത്ര ചരിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കവിയും ഗാനരചയിതാവും കേന്ദ്രം ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്സനുമായ പ്രസൂണ്‍ ജോഷി, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ട്രസ്റ്റ് ചെയര്‍മാനുമായ നൃപേന്ദ്ര മിശ്ര, അയോധ്യ രാജവംശത്തിലെ പ്രമുഖനും എഴുത്തുകാരനുമായ യതീന്ദ്ര മിശ്ര എന്നിവരും ചലച്ചിത്രത്തിന്റെ നിര്‍മാണത്തിന് നേതൃത്വവും നിര്‍ദേശങ്ങളും നല്‍കുന്നു.

‘കാലാപാനിയും കുഞ്ഞാലി മരയ്ക്കാരും ചെങ്കോലും ചെയ്ത എന്റെ കരിയറിലെ മറ്റൊരു മഹത്തായ മുഹൂര്‍ ത്തമാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കഥ പറയുന്ന ഈ ഡോക്യുഡ്രാമ. ഹിന്ദുസ്ഥാനി, കര്‍ണാട്ടിക് ധാരകളിലെ സംഗീതമാണ് ചിത്രത്തിന്റെ പശ്ചാത്തലമാവുക. ദൂര്‍ദര്‍ശനും ടി.വി എയ്റ്റീനും ഡോക്യുഡ്രാമയുടെ നിര്‍മാണത്തില്‍ മുഖ്യപങ്കാളികളാണ്. ബിരാഡ് യാഗ്‌നിക് ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍.ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം രാമക്ഷേത്രത്തിന്റെ ചരിത്രം കാണാന്‍ സാധിക്കും.

ഇന്ത്യയുടെ ചരിത്രം, ക്ഷേത്രത്തിന്റെ ചരിത്രം, മുഗള്‍ അധിനിവേശം, ബാബറി മസ്ജിദിന്റെ ചരിത്രം, തര്‍ക്കത്തിന്റെ തുടക്കം, അതിന്റെ തുടര്‍ച്ച, കര്‍സേവ, തുടര്‍ന്നുള്ള നിയമപോരാട്ടങ്ങള്‍, അന്തിമവിധി തുടങ്ങി ക്ഷേത്ര ചരിത്രത്തിന്റെ എല്ലാ തലങ്ങളിലൂടെയും ചലച്ചിത്രം കടന്നുപോവുന്നു.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, മലയാളിയും മുന്‍ എം.പിയും ഐ.സി.എസ് ഓഫീസറുമായ കെ.കെ.നായര്‍, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍, അശോക് സിംഘാള്‍, എല്‍.കെ.അദ്വാനി, എ.ബി. വാജ്പേയ്, അഡ്വ. പരാശരന്‍, പുരാവസ്തുവിദഗ്ധന്‍ കെ.കെ.മുഹമ്മദ്, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ഈ ഡോക്യുഡ്രാമയില്‍ കടന്നുവരുന്നു.

ലക്നൗ, അയോധ്യ, വാരാണസി, ഡല്‍ഹി, കൊച്ചി, ചെന്നൈ, ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ഡോക്യു ഡ്രാമയുടെ പിന്നില്‍ പ്രിയദര്‍ശനൊപ്പം മറ്റ് രണ്ട് പ്രസിദ്ധ മലയാളികള്‍ കൂടിയുണ്ട്. പ്രൊഡക്ഷന്‍ ഡിസൈനറായ സാബു സിറിലും ലൈന്‍ പ്രൊഡ്യൂസറായ സെവന്‍ ആര്‍ട്സ് ജി.പി.വിജയകുമാറും.

തമിഴ് സിനിമയിലെ പ്രശസ്ത ക്യാമറാമാന്‍ ദിവാകര്‍ മണിയാണ് ഛായാഗ്രഹണം. രാമക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ഈ ഡോക്യു ഡ്രാമ ചിത്രീകരിക്കാന്‍ ഇംഗ്ലണ്ടില്‍ നിന്നടക്കം പലരും മുന്നോട്ടുവന്നിരുന്നെങ്കിലും ചെങ്കോല്‍ ചിത്രീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രിയദര്‍ശനെ സംവിധായകനായി തിരഞ്ഞെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *