പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ കുടുംബാംഗങ്ങളുടെ നിയമ നടപടികള്‍ തുടരുന്നു. അധിക്ഷേപങ്ങള്‍ക്കെതിരെ ജെയ്ക് സി തോമസിന്റെ ഭാര്യ പരാതി നല്‍കി. കോട്ടയം എസ്പി ഓഫിസില്‍ നേരിട്ടെത്തിയാണ് ഗീതു പരാതി നല്‍കിയത്.

ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപ വോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഗീതു വോട്ട് അഭ്യര്‍ഥിക്കുന്ന വിഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം. പരാതിയില്‍ രാഷ്ട്രീയമില്ലെന്ന് ഗീതു മാധ്യമങ്ങളോടു പറഞ്ഞു. ‘ഗര്‍ഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’ എന്ന പ്രയോഗം ഒന്‍പതു മാസം ഗര്‍ഭിണിയായ ഒരു സ്ത്രീ എന്ന നിലയില്‍ ഏറെ വേദനിപ്പിച്ചെന്നും അതുകൊണ്ടാണ് ഈ അവസ്ഥയിലും നേരിട്ടു വന്നു പരാതി നല്‍കേണ്ടി വന്നതെന്നും ഗീതു പറഞ്ഞു.

”കോണ്‍ഗ്രസിന് അനുകൂലമായി നില്‍ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലും മോശമായ രീതിയില്‍ കമന്റിടുന്നതു കണ്ടു. ഇത്തരം പോസ്റ്റുകള്‍ ഷെയറും ചെയ്യുന്നുണ്ട്. ഇന്നലെ മുതല്‍ എഫ്ബിയില്‍ കണ്ടും നമ്മുടെ കുറച്ച് ആള്‍ക്കാര്‍ വിളിച്ചുപറഞ്ഞും ഇതെല്ലാം അറിയുന്നുണ്ട്. അത്രയ്ക്ക് മാനസികമായി ബുദ്ധിമുട്ട് തോന്നിയതുകൊണ്ടാണ് ഈ അവസ്ഥയിലും എനിക്ക് ഇവിടെ വരെ വരേണ്ടി വന്നതും നേരിട്ട് പരാതി നല്‍കേണ്ടി വന്നതും.’

”ജെയ്ക്കിനെ വ്യക്തിപരമായി ഒരു നാലാംതരക്കാരന്‍ എന്ന രീതിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു പോലും പറഞ്ഞു. അതുകഴിഞ്ഞ് ജെയ്ക്കിന്റെ സ്വത്തിനെതിരെ ആരോപണങ്ങള്‍ വന്നു. ജെയ്ക്കിന്റെ മരിച്ചുപോയ പിതാവിന്റെ പ്രായത്തെപ്പറ്റി വളരെ മോശമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നു. ജെയ്ക്കിന്റെ സഹോദരന്‍ ഉള്‍പ്പെടെ രംഗത്തുവന്ന് കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നു. ഇപ്പോള്‍ എനിക്കെതിരെയാണ് ആക്രമണം. രണ്ടാഴ്ച കഴിഞ്ഞാല്‍ ഡെലിവറി ഡേറ്റാകും. ഇതുപോലെയുള്ള ആക്രമണങ്ങള്‍ ഒരു സ്ത്രീക്കെതിരെയും ഉണ്ടാകരുത്. നമ്മള്‍ ഇതില്‍ രാഷ്ട്രീയം പറയേണ്ട ഒരു കാര്യവുമില്ല. വ്യക്തിപരമായി ആര്‍ക്കെതിരെയും ആക്രമണങ്ങള്‍ വരുന്നത് ശരിയല്ല. അതു നമ്മളെ മാനസികമായി ഒരുപാട് വേദനിപ്പിക്കും. എനിക്ക് ശരിക്കും സങ്കടം തോന്നി.”

യുഡിഎഫ് സ്ഥാനാര്‍ഥിയുടെ സഹോദരിക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായല്ലോ എന്ന ചോദ്യത്തിന് ഒരാളെയും വ്യക്തിപരമായി ആക്ഷേപിക്കരുതെന്ന് ഗീതു പറഞ്ഞു. ”ഇതില്‍ രാഷ്ട്രീയമില്ല. ഇതിലേക്ക് രാഷ്ട്രീയം കൂട്ടിക്കുഴയ്‌ക്കേണ്ട യാതൊരു ആവശ്യവുമില്ല. വ്യക്തിപരമായി നമ്മള്‍ എന്തിനാണ് ഒരാളെ ആക്ഷേപിക്കുന്നത്? ഇതില്‍ പാര്‍ട്ടി പറയേണ്ട കാര്യമില്ല, തിരഞ്ഞെടുപ്പിന്റെ കാര്യവും പറയേണ്ടതില്ല. ആര്‍ക്കെതിരെ വന്നാലും, എനിക്കെതിരെ വന്നാലും അവര്‍ക്കെതിരെ വന്നാലും അതു തെറ്റാണ്. അതു പൂര്‍ണമായിട്ടും തള്ളിക്കളയേണ്ട കാര്യമാണ്.” ഗീതു വ്യക്തമാക്കി.

”ഗര്‍ഭിണി എന്നു പറയപ്പെടുന്ന എന്നൊക്കെയാണ് പറയുന്നത്. ആ വിഡിയോ കണ്ടാല്‍ ഞാന്‍ ഗര്‍ഭിണി അല്ലെന്ന് ആര്‍ക്കെങ്കിലും തോന്നുമോ? ജെയ്ക്ക് തിരഞ്ഞെടുപ്പിനു നിന്ന സമയം മുതലേ എന്റെ ചെറിയ ബൈറ്റുകള്‍ ഒക്കെ എടുക്കാന്‍ നിങ്ങള്‍ എല്ലാവരും വന്നിട്ടുള്ളതാണ്. ഞാന്‍ ഗര്‍ഭിണിയാണെന്ന കാര്യം നിങ്ങളിലൂടെയാണ് പുറത്തുള്ളവര്‍ അറിയുന്നത്. ഇപ്പോള്‍ ഒന്‍പതു മാസം ഗര്‍ഭിണിയാണെന്ന കാര്യം പോലും എല്ലാവര്‍ക്കും അറിയാം. അത്രയും മോശമായിട്ട്, ഗര്‍ഭിണിയാണെന്ന് പറയപ്പെടുന്നു എന്ന രീതിയില്‍ ഒരു ആക്ഷേപം വരുമ്പോള്‍ എനിക്ക് അതു വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി.’

”കഴിഞ്ഞ തവണ ജെയ്ക്ക് സ്ഥാനാര്‍ഥിയായപ്പോള്‍ നല്ല രീതിയില്‍ പ്രചാരണത്തിന് ഇറങ്ങാന്‍ എനിക്ക് പറ്റിയിരുന്നു. കുറേയധികം ആള്‍ക്കാരെ കണ്ടു, കുറേയധികം വീടുകള്‍ കയറി. പക്ഷേ, അന്നൊന്നും മാധ്യമങ്ങള്‍ ഇങ്ങനെ കവര്‍ ചെയ്യാന്‍ വന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അതൊന്നും പുറത്താരും അറിയാതിരുന്നത്. പക്ഷേ ഇത്തവണ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു സമയത്ത് ഉപതിരഞ്ഞെടുപ്പ് വന്നു. ഞാന്‍ എട്ടു മാസം ഗര്‍ഭിണിയായ സമയത്താണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ജെയ്ക്ക് സ്ഥാനാര്‍ഥിയാകുന്നതും. സ്വാഭാവികമായും കഴിഞ്ഞ തവണ പോയതിന്റെ അത്രേം പോകാന്‍ പറ്റിയിട്ടില്ല. എന്റെ സ്വന്തം ഇഷ്ടത്തിനു വന്നതാണ്. ഇതിലേക്കു വരണമെന്ന് പറഞ്ഞ് ആരും വിളിച്ചിറക്കിയതല്ല. അതുകൊണ്ടാണ് അടുത്തുള്ള വീടുകളില്‍ മാത്രമായി പ്രചാരണം ചുരുക്കിയത്.” ഗീതു കൂട്ടിച്ചേര്‍ത്തു.